
വിവാദ സിനിമ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ കേരള ഹൈക്കോടതി നടപടിക്കെതിരെയുള്ള നിർമാതാക്കളുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു. ജസ്റ്റിസുമാരായ പി.വി. ബാലകൃഷ്ണൻ, ശുശ്രുത് അരവിന്ദ് ധർമാധികാരി എന്നിവരടങ്ങുന്ന ബെഞ്ച് രാത്രി പ്രത്യേക സിറ്റിങ് ചേർന്നാണ് ഈ വിഷയത്തിൽ വാദം കേൾക്കുന്നത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെ, ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫിന്റെ ബെഞ്ച് നേരത്തെ ചിത്രത്തിന് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചിരുന്നു.
സെൻസർ ബോർഡ് സിനിമ വീണ്ടും കണ്ട് ഹർജിക്കാർ ഉന്നയിച്ച ആശങ്കകളിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന വാദം പരിഗണിച്ച കോടതി, സെൻസർ സർട്ടിഫിക്കറ്റ് നൽകിയതിലെ നടപടിക്രമങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനവും തീവ്രവാദവും പ്രമേയമാക്കിയ ചിത്രത്തിന്റെ പേരും ഉള്ളടക്കവും മലയാളികളുടെ ഖ്യാതിയെ ബാധിക്കുന്നതാണെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം.
സിനിമ യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന നിർമാതാക്കളുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകിയതിനാൽ വീണ്ടും പരിശോധന ആവശ്യമില്ലെന്നും ടീസറിലെ വിവാദ ഭാഗങ്ങൾ സിനിമയിലില്ലെന്നുമാണ് നിർമാതാവ് വിപുൽ അമൃതലാൽ ഷാ കോടതിയിൽ വ്യക്തമാക്കിയത്. അടിയന്തരമായി കേസ് കേൾക്കണമെന്ന നിർമാതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്താൻ തീരുമാനിച്ചത്.
The post ‘കേരളാ സ്റ്റോറി 2’ റിലീസ് സ്റ്റേ ചെയ്തു; നിർമാതാക്കളുടെ അപ്പീലിൽ ഹൈക്കോടതിയുടെ രാത്രി സിറ്റിങ്! appeared first on Express Kerala.



