
കോഴിക്കോട്: മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഭാഗികമായി പരിഹാരമായി. കുറ്റിക്കാട്ടൂരിൽ കലുങ്ക് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തടസ്സപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ആശുപത്രി പ്രവർത്തനങ്ങൾക്കായി പമ്പിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഹോസ്റ്റലുകളിലും ക്വാർട്ടേഴ്‌സുകളിലും പ്രതിസന്ധി തുടരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രി, അത്യാഹിത വിഭാഗം, സൂപ്പർ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളിൽ പമ്പിങ് ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാൽ ഹോസ്റ്റലുകളിലും ക്വാർട്ടേഴ്‌സുകളിലും ജലവിതരണം ഇനിയും സാധാരണ നിലയിലായിട്ടില്ല. ലഭ്യമായ വെള്ളം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അധികൃതർ നിർദ്ദേശം നൽകി.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം! ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ കോടതിയിൽ
കുറ്റിക്കാട്ടൂരിലെ പൈപ്പ് ലൈനിലെ ചോർച്ച വ്യാഴാഴ്ച ഉച്ചയോടെ പരിഹരിച്ചു. വെള്ളിപറമ്പ് ബൂസ്റ്റർ സ്റ്റേഷനിൽ നിന്നുള്ള പമ്പിങ് ആരംഭിച്ചിട്ടുണ്ട്. വെള്ളമില്ലാത്തതിനെത്തുടർന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിഞ്ഞു പോകുന്ന സാഹചര്യമുണ്ടായി. ജീവനക്കാർ നിലവിൽ പുറത്തുനിന്ന് വെള്ളം വിലയ്ക്ക് വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. വെള്ളിയാഴ്ചയോടെ ക്യാമ്പസിലെ എല്ലാ ഭാഗങ്ങളിലും ജലവിതരണം പൂർണ്ണതോതിലാകുമെന്ന് അധികൃതർ അറിയിച്ചു.
The post മെഡിക്കൽ കോളേജിൽ ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു; വെള്ളം കരുതലോടെ ഉപയോഗിക്കാൻ നിർദ്ദേശം appeared first on Express Kerala.



