
കേരളത്തിലെ സ്ത്രീ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട ലക്ഷക്കണക്കിന് സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതീവ രഹസ്യസ്വഭാവമുള്ള ഈ വിവരങ്ങൾ സി.പി.എമ്മിന്റെ കൈവശം എത്തിയെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒ.എസ്.ഡി സാംബശിവ റാവുവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.എസ്.ഡി എഴുതിയ കത്തുകൾ തെളിവായി പുറത്തുവിട്ടുകൊണ്ടാണ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്.
യാതൊരു മുൻകരുതലുമില്ലാതെ സ്വകാര്യ ഏജൻസികൾക്ക് ഈ ഡാറ്റ കൈമാറിയത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐടി വകുപ്പിന് ഇത്രയധികം സന്ദേശങ്ങൾ അയക്കാൻ കഴിയില്ലെന്നിരിക്കെ, സ്വകാര്യ ഏജൻസികളെ ഇതിനായി ചുമതലപ്പെടുത്തിയത് ദുരൂഹമാണ്. കേരളത്തിലെ 35 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ സൈബർ തട്ടിപ്പുകാരുടെ കൈകളിൽ എത്തിയാൽ ഉണ്ടാകാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: പാലക്കാട് സരിൻ തന്നെ; സ്ഥാനാർത്ഥി പട്ടികയുമായി സിപിഎം
ഐടി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്ത നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻ ഐടി സെക്രട്ടറി ശിവശങ്കരന്റെ റോളിലാണ് സാംബശിവ റാവു ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തിന് ഉണ്ടായ അനുഭവം റാവുവും മുഖ്യമന്ത്രിയും ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ നീക്കങ്ങൾ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post ഡാറ്റാ ചോർച്ചയിൽ ഗുരുതര വീഴ്ച! പുതിയ തെളിവുകളുമായി രമേശ് ചെന്നിത്തല appeared first on Express Kerala.



