loader image
‘കേരള സ്റ്റോറി 2’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; മതസ്പർധ വളർത്താൻ ഗൂഢാലോചനയെന്ന് ആരോപണം

‘കേരള സ്റ്റോറി 2’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; മതസ്പർധ വളർത്താൻ ഗൂഢാലോചനയെന്ന് ആരോപണം

ദി കേരള സ്റ്റോറി 2′ സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ രംഗത്ത്. കേരളത്തിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന സിനിമയ്ക്ക് പിന്നിലുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ 15 ദിവസത്തെ ഇടക്കാല സ്റ്റേ നിലനിൽക്കെ, പശ്ചിമ ബംഗാളിൽ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് കോടതി വിധി ലംഘിക്കാനുള്ള നീക്കമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഈ വിവരം ഉടൻ തന്നെ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് പരാതിക്കാരുടെ തീരുമാനം.

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിദ്വേഷപരമായ രംഗങ്ങൾ ടീസറിൽ ഉൾപ്പെടുത്തി കേരളത്തിന്റെ മതേതര പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്നത് കോടതി ഗൗരവത്തോടെയാണ് കണ്ടത്. മതഭ്രാന്തിന്റെയും വർഗീയതയുടെയും കേന്ദ്രമായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഒരു പ്രത്യേക മതവിഭാഗവുമായുള്ള സംഘർഷത്തിന് ഇത്തരം രംഗങ്ങൾ കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.

See also  മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ തന്നാൽ ഒരു പവൻ സ്വർണ്ണം! വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസ്

Also Read: ശബരിമല സ്വർണ്ണക്കൊള്ള! കെ എസ് ബൈജുവിന് ജാമ്യം

സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പ്രദർശനാനുമതി പുനഃപരിശോധിക്കണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സെൻസർ ബോർഡിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാൻസിസ് എന്നിവർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ആഗോളതലത്തിൽ കേരളത്തെ കളങ്കപ്പെടുത്താൻ സിനിമ കാരണമാകുമെന്ന ഹർജിക്കാരുടെ വാദം പ്രഥമദൃഷ്ട്യാ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടൽ. സിനിമയുടെ അണിയറ പ്രവർത്തകർ കോടതി വിധിക്ക് വിരുദ്ധമായി നീങ്ങുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കും.

The post ‘കേരള സ്റ്റോറി 2’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; മതസ്പർധ വളർത്താൻ ഗൂഢാലോചനയെന്ന് ആരോപണം appeared first on Express Kerala.

Spread the love

New Report

Close