
വിദേശ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി കേന്ദ്രസർക്കാർ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുകയാണെന്ന് ഇ.പി. ജയരാജൻ വിമർശിച്ചു. ഉൽപാദനവും വിപണനവും കൈവശപ്പെടുത്താനുള്ള അമേരിക്കൻ താൽപ്പര്യമാണ് കേന്ദ്രം സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നെല്ലിന്റെ ബോണസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ബോണസ് നൽകരുതെന്ന് സംസ്ഥാനത്തോടു പറയാൻ കേന്ദ്രത്തിന് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും കർഷക വിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും കാർഷിക പ്രതിസന്ധിയിൽ പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചു. പട്ടികയിൽ പലരുടെയും പേരുണ്ടാകില്ലെന്നും നിങ്ങൾ കേട്ടിരിക്കുന്ന വാർത്തകൾ ശരിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കുക. താൻ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പ്രസക്തമല്ലെന്നും പാർട്ടി തീരുമാനങ്ങളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
The post വിദേശ കുത്തകകൾക്കായി കാർഷിക മേഖലയെ തകർക്കുന്നു! കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഇ.പി. ജയരാജൻ appeared first on Express Kerala.



