
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടതിനെത്തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുക്കുന്നു. മന്ത്രിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഐസിയുവിൽ തുടരണമെന്നും കാണിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ്, ആംബുലൻസ് പോലും ഒഴിവാക്കി പുലർച്ചെ നാലുമണിക്ക് മന്ത്രി കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്ര ചെയ്യാൻ കഴിയാത്തവിധം കഴുത്തിന് പരിക്കുണ്ടെന്ന് ഡോക്ടർമാർ വിധിച്ച രോഗി ഇത്തരത്തിൽ മടങ്ങിയത് വലിയ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട മന്ത്രി അവിടെ എത്തിയിട്ടില്ലെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. മന്ത്രി എവിടെയാണെന്ന ചോദ്യവുമായി കെഎസ് യു രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലേക്കോ അതോ കോട്ടയത്തെ ഏതെങ്കിലും സ്വകാര്യ ആയുർവേദ കേന്ദ്രത്തിലേക്കോ ആണോ മന്ത്രി പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. മന്ത്രി എത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ച് എൻ.എസ്.എസ്
മന്ത്രിയുടെ പരിക്കും ചികിത്സയും വെറും രാഷ്ട്രീയ നാടകമാണെന്നാണ് കെഎസ് യുവിന്റെ പരിഹാസം. ‘വായുവിൽ പരിക്ക് പറ്റിയ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡ്’ തപാൽ വഴി അയച്ചുകൊടുത്താണ് അവർ പ്രതിഷേധിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ ബോർഡ് പറഞ്ഞ മന്ത്രി ആംബുലൻസ് പോലും ഇല്ലാതെ യാത്ര ചെയ്തത് നാടകം പൊളിഞ്ഞതുകൊണ്ടാണെന്ന് വി.ടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. വിഷയത്തിൽ മന്ത്രിയുടെ ഓഫീസോ സർക്കാരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
The post ആരോഗ്യമന്ത്രി ‘അപ്രത്യക്ഷ; പരിയാരത്ത് നിന്ന് പോയ വീണാ ജോർജ് എവിടെയെന്ന് കെ.എസ്.യു appeared first on Express Kerala.



