
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന എൽ.ഡി.എഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച പ്രാഥമിക പട്ടികയിലെ 90% സീറ്റുകളിലും ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും, ഘടകകക്ഷികളുടെ ചില സീറ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടായേക്കും. ജില്ലാ കമ്മിറ്റികൾ നൽകിയ പാനലുകളിൽ മാറ്റം ആവശ്യമാണെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അത് നിർദ്ദേശിക്കുകയും വരാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകുകയും ചെയ്യും.
പ്രമുഖ നേതാക്കളായ എ. വിജയരാഘവൻ, കെ.കെ. ശൈലജ എന്നിവരുടെ പേരുകൾ ജില്ലാ പട്ടികകളിൽ ഉൾപ്പെടാത്തതിനാൽ ഇവരുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം നേരിട്ട് തീരുമാനമെടുക്കും. മട്ടന്നൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരത്തിനില്ലെന്ന നിലപാട് കെ.കെ. ശൈലജ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ.കെ. ശശീന്ദ്രന്റെ എലത്തൂർ, ആന്റണി രാജുവിന്റെ തിരുവനന്തപുരം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്നതും ആർ.ജെ.ഡി-ജെ.ഡി.എസ് തർക്കം നിലനിൽക്കുന്ന കോവളം സീറ്റിലെ സ്ഥാനാർത്ഥിത്വവും ഇന്നത്തെ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
The post മൂന്നാം അങ്കത്തിന് പിണറായിപ്പട; ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതിൽ ഇന്ന് തീരുമാനമായേക്കും appeared first on Express Kerala.



