
കണ്ണൂർ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ സി.പി.എം. നേതാക്കൾ തമ്മിൽ രൂക്ഷമായ തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായി. ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ളവയുടെ വരവുചെലവ് കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കാത്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. വി. കുഞ്ഞികൃഷ്ണൻ നേരത്തെ ഉന്നയിച്ച ക്രമക്കേടുകൾ സംബന്ധിച്ച കണക്കുകൾ പൊതുസമക്ഷം വ്യക്തമാക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചിരുന്നുവെങ്കിലും യോഗത്തിൽ കൃത്യമായ വിശദീകരണം ലഭിക്കാത്തത് ചില അംഗങ്ങളെ പ്രകോപിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത വെള്ളിയാഴ്ചത്തെ യോഗത്തിൽ വാക്കേറ്റം രൂക്ഷമായതോടെ ചില അംഗങ്ങൾ പ്രതിഷേധിച്ചു പുറത്തേക്ക് പോയി. എന്നാൽ ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ട് ഇവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു. പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് പാർട്ടിയിൽ ഈ ആഭ്യന്തര കലഹം രൂക്ഷമാകുന്നത്.
The post രക്തസാക്ഷി ഫണ്ട് കണക്കിനെച്ചൊല്ലി പയ്യന്നൂർ സി.പി.എമ്മിൽ പോര്; ഏരിയ കമ്മിറ്റിയിൽ വാക്കേറ്റവും ഇറങ്ങിപ്പോക്കും appeared first on Express Kerala.



