
റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി റിയാദിലെ ഇന്ത്യൻ എംബസി. ഫെബ്രുവരി 28-ന് പുറത്തിറക്കിയ പ്രത്യേക അഡ്വൈസറിയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾക്ക് ബന്ധപ്പെടാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനങ്ങൾ എംബസി സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 00-966-11-4884697 എന്ന ഫോൺ നമ്പറിലോ, 00-966-542126748 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. കൂടാതെ 800 247 1234 എന്ന ടോൾ ഫ്രീ നമ്പറും cw.riyadh@mea.gov.in എന്ന ഇമെയിൽ വിലാസവും ലഭ്യമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പ്രവാസികളോട് അധികൃതർ അഭ്യർത്ഥിച്ചു.
The post സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി എംബസി appeared first on Express Kerala.



