മാർച്ച് മാസത്തില്‍ കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധനസർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇന്ധന സർചാർജ് വൈദ്യുതിബില്ലില്‍ കുറവുചെയ്തു നല്‍കുന്നത്.
2026 ജനുവരി മാസത്തില്‍ വൈദ്യുതി വാങ്ങല്‍ ;നിലവിലുണ്ടായ കുറവാണ് കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളില്‍നിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നല്‍കിയ ചെലവില്‍ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് 2 പൈസ യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്.
മാർച്ച് മാസത്തെ ബില്ലില്‍ കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച ഏപ്രില്‍ മുതല്‍, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സർചാർജ് സ്വീകരിച്ചുവരുന്നത്.



