
ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ തിരിച്ചടി. ശനിയാഴ്ച അബുദാബി, ദുബായ്, ദോഹ എന്നിവിടങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഏഷ്യൻ വംശജനായ ഒരു പ്രവാസി കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ദുബായിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും ആകാശത്ത് തീഗോളങ്ങൾ കണ്ടതായും ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കൻ സൈനിക സാന്നിധ്യമുള്ള തന്ത്രപ്രധാന മേഖലകളെയാണ് ഇറാൻ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. അബുദാബിയിലെ അൽ ദാഫ്ര, ദോഹയിലെ അൽ ഉദൈദ്, റിയാദിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, ബഹ്‌റൈനിലെ അമേരിക്ക നേവിയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മിഡിൽ ഈസ്റ്റ് മേഖലയാകെ അതീവ ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയിലേക്കും യുദ്ധഭീതിയിലേക്കും നീങ്ങുകയാണ്.
Also Read: സൈനിക നീക്കം നീണ്ടുനിൽക്കും; ഇറാൻ ജനതയുടെ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്ന് ഡോണൾഡ് ട്രംപ്
ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി നേരിട്ടുവെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തും സമാനമായ രീതിയിൽ വ്യോമ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങളിലോ തിരിച്ചറിയാത്ത വസ്തുക്കളിലോ തൊടരുതെന്ന് ഖത്തർ ഭരണകൂടം ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ദുബായിലെ സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങളുടെ ജനൽ ചില്ലകൾ തകർന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ജോർദാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
The post അബുദാബിയിലും ദുബായിലും മിസൈലാക്രമണം; പശ്ചിമേഷ്യൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം appeared first on Express Kerala.



