
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈത്ത് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അംഗീകൃത അടിയന്തര നടപടിക്രമങ്ങൾ നടപ്പിലാക്കിയതായും വിമാനത്താവളവും പരിസരവും സുരക്ഷാ സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ കുവൈത്ത് വ്യോമാതിർത്തിയിൽ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി കുവൈത്ത് ആർമി അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനായി സേന അതീവ ജാഗ്രതയിലാണ്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കുവൈത്തിലെ വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്. വിമാന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Also Read: യുഎഇയിൽ അതീവ ജാഗ്രത! മിസൈൽ അവശിഷ്ടങ്ങൾക്ക് അടുത്തേക്ക് പോകരുതെന്ന് കർശന നിർദ്ദേശം
മേഖലയിലെ രാഷ്ട്രീയ-സുരക്ഷാ മാറ്റങ്ങൾ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും സൈന്യം കർശന നിർദ്ദേശം നൽകി. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുള്ള വിലയിരുത്തലുകൾ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി പുരോഗമിക്കുകയാണ്.
The post കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; തൊഴിലാളികൾക്ക് പരിക്ക്, വ്യോമപാത താൽക്കാലികമായി അടച്ചു appeared first on Express Kerala.



