മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽദാനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം ലോകോത്തര നിലവാരത്തിൽ നിറവേറ്റുന്നതിന്റെ അഭിമാനകരമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ ഉദ്ഘാടനത്തിനൊപ്പം ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും ഇതോടൊപ്പം നടക്കും.
2024 ജൂലൈ 30-ന് നാടിനെ നടുക്കിയ മഹാദുരന്തത്തിന് ശേഷം, കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിലാണ് പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ഈ മാതൃകാ ടൗൺഷിപ്പ് ഒരുങ്ങുന്നത്. 299 കോടി രൂപ ചെലവിൽ ആകെ 410 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. 402 കുടുംബങ്ങളിലെ 1662 പേർക്ക് സുരക്ഷിതമായ തണലൊരുക്കുന്ന ഈ പദ്ധതിക്കായി 1500-ലധികം തൊഴിലാളികളാണ് അഹോരാത്രം പണിയെടുത്തത്. പ്രതികൂല കാലാവസ്ഥയെപ്പോലും അതിജീവിച്ച് എൻജിനീയർമാരുടെയും വിദഗ്ധരുടെയും മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഒരു നാട് മുഴുവൻ മണ്ണിനടിയിലായ ആ കറുത്ത രാത്രിയുടെ മുറിവുകൾ ഉണക്കി, ദുരന്തബാധിതരെ ചേർത്തുപിടിക്കാനുള്ള കേരളത്തിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് ഈ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ വീട് ലഭിക്കുന്ന 178 കുടുംബങ്ങൾ ഇന്ന് തങ്ങളുടെ പുതിയ സ്വപ്നഭവനങ്ങളിലേക്ക് മാറും. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഉറപ്പാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.
The post അതിജീവനത്തിന്റെ പുതുഗാഥ! മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് സമർപ്പണം ഇന്ന് appeared first on Express Kerala.



