
ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ടീം ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടാൻ ഒരുങ്ങുകയാണ്. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ രാത്രി ഏഴിനാണ് ഈ ജീവൻമരണ പോരാട്ടം നടക്കുന്നത്. ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് ശേഷം സിംബാബ്‌വെയെ തകർത്തുവിട്ട ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് മൈതാനത്തിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ നാല് പോയിന്റോടെ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. എന്നാൽ മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. നിലവിൽ നെറ്റ് റൺറേറ്റിൽ മുന്നിലുള്ള വെസ്റ്റ് ഇൻഡീസ് അങ്ങനെയൊരു സാഹചര്യത്തിൽ സെമിയിലേക്ക് മുന്നേറുകയും ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്യും.
അതേസമയം, കൊൽക്കത്തയിൽ നിന്നുള്ള കാലാവസ്ഥാ റിപ്പോർട്ടുകൾ ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ന് മഴ പെയ്യാൻ സാധ്യതയില്ലെന്നും കളി തടസ്സമില്ലാതെ നടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപനില 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെങ്കിലും ഹ്യുമിഡിറ്റി 70 ശതമാനത്തിന് മുകളിലായിരിക്കും. ഇത് ബൗളർമാർക്ക് വലിയ വെല്ലുവിളിയായേക്കാം. രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. മലയാളി താരം സഞ്ജു സാംസൺ മികച്ച ഫോമിലാണെന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകുന്നുണ്ടെങ്കിലും തിലക് വർമ്മയുടെ ബാറ്റിംഗ് പൊസിഷന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് സൂചിപ്പിച്ചു.
The post വിജയിച്ചാൽ സെമി, മഴ പെയ്താൽ പുറത്ത്; ടീം ഇന്ത്യക്ക് ഇന്ന് നിർണായക പരീക്ഷണം appeared first on Express Kerala.



