
വയനാട് ദുരന്തബാധിതരെ വെറുമൊരു പട്ടികയിലെ കണക്കുകളായല്ല, മറിച്ച് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ജില്ലാ കളക്ടർ മേഘശ്രീ കണ്ടതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഓരോ കുടുംബത്തിന്റെയും നഷ്ടങ്ങളും വേദനകളും നേരിട്ട് മനസ്സിലാക്കി അവർക്ക് ഏറ്റവും മികച്ചത് നൽകണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കളക്ടറും സംഘവും പ്രവർത്തിച്ചതെന്ന് അദ്ദേഹം പ്രശംസിച്ചു. സാധാരണയായി ദുരന്തമുഖത്തും പുനരധിവാസ ഘട്ടത്തിലും വ്യത്യസ്ത ഉദ്യോഗസ്ഥരാണ് ഉണ്ടാകാറുള്ളതെങ്കിൽ, വയനാടിന്റെ കാര്യത്തിൽ ദുരന്തം നടന്ന ജൂലൈ 30 മുതൽ വീടുകളുടെ താക്കോൽ കൈമാറുന്ന ഈ ഘട്ടം വരെ ഒരേ കളക്ടർ തന്നെ നേതൃത്വം നൽകുന്നു എന്നത് വലിയൊരു പ്രത്യേകതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വയനാട് ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വവും മന്ത്രിമാരുടെ നിരന്തരമായ മാർഗ്ഗനിർദ്ദേശങ്ങളും വലിയ കരുത്ത് പകർന്നു നൽകിയതായി കളക്ടർ മേഘശ്രീ പറഞ്ഞു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിനിടയിൽ ഉണ്ടായ സംശയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ പിന്തുണയും ഗൈഡൻസും ലഭിച്ചിരുന്നു. ഭരണകൂടവും സർക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചത് പുനരധിവാസ ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചുവെന്നും കളക്ടർ വ്യക്തമാക്കി.
Also Read: ഇനി ഗവിയിൽ സിനിമയും കാണാം; ഷോപ്പിങ് കോംപ്ലക്സും തിയറ്ററും തുറന്നു
എട്ടു മാസത്തോളം നീണ്ടുനിന്ന കനത്ത മഴയും ആറു മാസത്തോളം നീണ്ട കോടതി നടപടികളും പുനരധിവാസ പ്രവർത്തനങ്ങൾക്ക് കഠിനമായ വെല്ലുവിളികൾ ഉയർത്തിയിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത് ഭരണകൂടത്തിന്റെ പ്രവർത്തന വേഗതയ്ക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു. വെല്ലുവിളികൾക്കിടയിലും ജനങ്ങൾക്ക് സുരക്ഷിതമായ ആസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
The post “ദുരന്തബാധിതർ കളക്ടർക്ക് സ്വന്തം കുടുംബാംഗങ്ങൾ”; മന്ത്രി കെ രാജൻ appeared first on Express Kerala.



