
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊല്ലപ്പെട്ടത്തിനെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഖമേനിയുടെ വധത്തിന് പകരമായി അമേരിക്കയ്ക്കും ഇസ്രയേലിനും നേരെ അതിശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ കൊലയാളികളെ കഠിനമായി ശിക്ഷിക്കുമെന്നും, ഈ പ്രതികാരം നിർണ്ണായകവും ഖേദകരവുമായിരിക്കുമെന്നും ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ഖത്തറിലെയും യുഎഇയിലെയും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾക്കും ആക്രമണങ്ങൾക്കും മറുപടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇറാൻ ആക്രമണം തുടരുകയാണെങ്കിൽ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക നടപടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളെ ഗൗരവത്തോടെ കാണുന്നതായും, എന്നാൽ അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെ കൈവെച്ചാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖമേനിയുടെ വധം ഒരു ‘ചരിത്രപരമായ ക്രൂരത’യാണെന്ന് വിശേഷിപ്പിച്ച ഐആർജിസി, തങ്ങളുടെ ആത്മീയ നേതാവിന്റെ പാത പിന്തുടർന്ന് ബാസിജ് സേനയും സായുധ സേനയും ചേർന്ന് പ്രതിരോധം തീർക്കുമെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയതെന്നും ഇതിനുള്ള ശിക്ഷാ പാഠം വൈകാതെ നൽകുമെന്നും ഇറാൻ ആവർത്തിക്കുന്നു. നിലവിൽ ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് സൂചനകൾ, ഇത് മേഖലയെ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
The post കനത്ത തിരിച്ചടി നേരിടേണ്ടി വരും; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ് appeared first on Express Kerala.



