loader image
സിപിഎം പോകുന്നത് സംഘപരിവാർ വഴിയിൽ; പിണറായിയുടേത് ‘അനിയൻ ബാവ’ നയമെന്ന് വി.ഡി സതീശൻ

സിപിഎം പോകുന്നത് സംഘപരിവാർ വഴിയിൽ; പിണറായിയുടേത് ‘അനിയൻ ബാവ’ നയമെന്ന് വി.ഡി സതീശൻ

കേരളത്തിലെ സി.പി.എം സംഘപരിവാറിന്റെ അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കേന്ദ്രത്തിൽ ‘ചേട്ടൻ ബാവ’ ചെയ്യുന്ന കാര്യങ്ങൾ കേരളത്തിൽ ‘അനിയൻ ബാവ’ ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. യു.ഡി.എഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയ്ക്ക് കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ നേരിടാൻ യു.ഡി.എഫ് തയ്യാറാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി വർഗീയതയോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുംതലമുറയ്ക്ക് സൗഹൃദത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സതീശൻ, ആറ് ലക്ഷം കോടി രൂപയുടെ ബാധ്യത മലയാളികളുടെ ചുമലിൽ വെച്ചാണ് പിണറായി വിജയൻ സർക്കാർ പടിയിറങ്ങാൻ പോകുന്നതെന്ന് പരിഹസിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും വിപണിയിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് വകുപ്പിന് സർക്കാർ പണം നൽകാത്തതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാർ ലാഭത്തിലാക്കിയ വൈദ്യുതി വകുപ്പ് ഇന്ന് 50,000 കോടിയുടെ കടത്തിലാണെന്നും വാട്ടർ അതോറിറ്റിയും കെ.എസ്.ആർ.ടി.സിയും തകർച്ചയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

See also  ‘പരീക്ഷണങ്ങൾ വേണ്ട, വിന്നിംഗ് കോമ്പിനേഷൻ തുടരണം’; വിൻഡീസിനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് ആകാശ് ചോപ്ര!

Also Read:സർക്കാർ വാക്ക് പാലിച്ചു! വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന പരാതികളിൽ നിന്ന് രക്ഷപ്പെടാൻ ആരോഗ്യ മന്ത്രി കണ്ണൂരിൽ നാടകം കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോകത്തിലാദ്യമായാണ് മുദ്രാവാക്യം കേട്ട് ഒരാളുടെ കഴുത്തുളുങ്ങുന്നതെന്നും ആ അഭിനയത്തിന് ഓസ്കർ തന്നെ നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. ഈ നാടകത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കാനോ ആക്രമിക്കാനോ ശ്രമിച്ചാൽ ഇത് പഴയ യു.ഡി.എഫ് അല്ലെന്ന് ഭരണകൂടം ഓർക്കണമെന്നും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. ചടങ്ങുകളിൽ രമേശ് ചെന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻ എം.പി തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

The post സിപിഎം പോകുന്നത് സംഘപരിവാർ വഴിയിൽ; പിണറായിയുടേത് ‘അനിയൻ ബാവ’ നയമെന്ന് വി.ഡി സതീശൻ appeared first on Express Kerala.

Spread the love

New Report

Close