
ഒമാനെ ലക്ഷ്യമിട്ടും ഇറാന്റെ ഡ്രോൺ ആക്രമണം. ദുഖും തുറമുഖത്തിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. ദുഖും തുറമുഖത്ത് നടന്ന രണ്ട് ഡ്രോൺ ആക്രമണങ്ങളിൽ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തിലാണ് പതിച്ചത്. ഇതിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റതായാണ് വിവരം. മറ്റൊരു ഡ്രോണിന്റെ ഭാഗങ്ങൾ ഇന്ധന ടാങ്കുകൾക്ക് സമീപം പതിച്ചെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒഴിവായെന്ന് ഒമാൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖസബ് തുറമുഖത്ത് വെച്ച് എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരും 5 ഇറാൻ പൗരന്മാരുമടങ്ങുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ നാല് ജീവനക്കാർ ചികിത്സയിലാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ഇറാന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഒമാൻ ഭരണകൂടം വ്യക്തമാക്കി.
Also Read:മുസന്ദം കടലിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; 15 ഇന്ത്യക്കാരടക്കം 20 പേരെ രക്ഷപ്പെടുത്തി
അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണത്തിൽ ഗൾഫ് മേഖലയാകെ കടുത്ത ഭീതിയിലാണ്. യുഎഇയിൽ മാത്രം 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ അയച്ചത്. ദുബായിലെ പാം ജുമൈറ, ബുർജ് അൽ അറബ്, വിമാനത്താവളം തുടങ്ങി ആറിടങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതോടെ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
The post ഒമാൻ തീരത്തും ഇറാന്റെ ഡ്രോൺ ആക്രമണം; ദുഖും തുറമുഖത്ത് തൊഴിലാളിക്ക് പരിക്ക് appeared first on Express Kerala.



