
ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര വൻകിട ഷിപ്പിംഗ് കമ്പനികൾ റദ്ദാക്കി. ഹപഗ് ലോയ്ഡ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ സർവീസ് നിർത്തിവെച്ചതോടെ പേർഷ്യൻ ഉൾക്കടലിൽ നിന്ന് പുറത്തുകടക്കാനാവാതെ 150-ഓളം എണ്ണക്കപ്പലുകളാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. കടലിടുക്ക് പൂർണ്ണമായും അടയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും, കപ്പലുകൾക്ക് ലഭിച്ച കടുത്ത സുരക്ഷാ മുന്നറിയിപ്പുകൾ ആഗോള ചരക്കുനീക്കത്തെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.
കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്നതിനൊപ്പം കേരളത്തിലെ സ്വർണ്ണവിലയിലും വൻ കുതിച്ചുചാട്ടമുണ്ടായി. 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് 1015 രൂപ വർധിച്ച്, ഒരു പവൻ സ്വർണ്ണത്തിന് 1,26,920 രൂപ എന്ന നിരക്കിലേക്കാണ് വില ഉയർന്നത്. യുദ്ധസാഹചര്യം ഇതേപോലെ തുടരുകയാണെങ്കിൽ സ്വർണ്ണവില ഉടൻ തന്നെ പഴയ റെക്കോർഡുകൾ ഭേദിക്കുമെന്ന ആശങ്കയിലാണ് വിപണി.
Also Read; രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ പ്രതിമാസ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നായി പ്രതിദിനം 2.6 ദശലക്ഷം ബാരൽ എണ്ണയാണ് ഇതുവഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണയെക്കാൾ കൂടുതൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ഈ വഴിയിലെ തടസ്സം ഇന്ത്യയിൽ വലിയ ഇന്ധന പ്രതിസന്ധിക്ക് കാരണമായേക്കാം.
The post ‘കടലിടുക്ക് അടയ്ക്കില്ല’; പ്രഖ്യാപനവുമായി ഇറാൻ, എങ്കിലും നീക്കം നിലച്ച് എണ്ണക്കപ്പലുകൾ appeared first on Express Kerala.



