
ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു. വിഡിയോ കോൺഫറൻസ് വഴി ചേർന്ന ആറ് ഗൾഫ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായി ആവശ്യമെങ്കിൽ തിരിച്ചടി നൽകുന്നതടക്കമുള്ള കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.
മേഖലയിലെ അസ്ഥിരത ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും അതിനാൽ ഇറാൻ ഈ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും ജിസിസി ആവശ്യപ്പെട്ടു. ആക്രമണങ്ങൾ മൂലം ഉണ്ടായ വൻ നാശനഷ്ടങ്ങൾ യോഗം വിലയിരുത്തി. അതേസമയം, യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിക്കുകയും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ യുഎഇക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ ആളൊഴിയുന്ന അവസ്ഥയിലാണെന്നും മുന്നൂറ്റമ്പതോളം അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
The post ഇറാനെതിരെ കൈകോർത്ത് ജിസിസി; ശക്തമായ തിരിച്ചടിക്ക് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത തീരുമാനം appeared first on Express Kerala.



