
കമ്മ്യൂണിസ്റ്റുകാരുടെ സമരം ഏതെങ്കിലും ഒരു പ്രത്യേക ഭരണാധികാരിക്ക് വേണ്ടിയല്ല, മറിച്ച് ലോകസമാധാനത്തിനും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും വേണ്ടിയാണെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദൂര രാജ്യങ്ങളിലെ വിഷയങ്ങളിൽ ഇവിടെ സമരം ചെയ്തിട്ട് എന്ത് കാര്യം എന്ന് ചോദിക്കുന്നവർ, പണ്ട് ബ്രിട്ടനെതിരെ ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളെയും ഇതേ രീതിയിൽ പരിഹസിച്ചിരുന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറുന്ന അമേരിക്കൻ ശൈലിയെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എതിർക്കുന്നത്. കൊല്ലപ്പെട്ട ഇറാൻ നേതാവ് ഖമേനി കമ്മ്യൂണിസ്റ്റുകാരോട് എങ്ങനെ പെരുമാറി എന്നതല്ല ഇവിടെ വിഷയം, മറിച്ച് ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിന്മേൽ ഉണ്ടായ കടന്നാക്രമണമാണ്. ഇറാനിലെ ഭരണകൂടം കമ്മ്യൂണിസ്റ്റുകാർക്ക് എതിരല്ലേ എന്ന ചോദ്യം ഉന്നയിക്കുന്ന കോൺഗ്രസ്, ലീഗ് നിലപാടുകളെ ‘വങ്കത്തരം’ എന്നാണ് സ്വരാജ് വിശേഷിപ്പിച്ചത്. സംഘപരിവാർ ഭരണത്തെ നഖശിഖാന്തം എതിർക്കുമ്പോഴും, ഒരു വിദേശ ശക്തി ഇന്ത്യൻ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാനോ ആക്രമിക്കാനോ മുതിർന്നാൽ അതിനെ പ്രതിരോധിക്കുക എന്നത് രാജ്യസ്നേഹത്തിന്റെ ഭാഗമാണ്. അത്തരമൊരു രാഷ്ട്രീയ ബോധ്യമാണ് ഇറാൻ വിഷയത്തിലും പാർട്ടി ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല, പോരാട്ടം ലോകസമാധാനത്തിന്; എം. സ്വരാജ് appeared first on Express Kerala.



