
ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണം അതീവ ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ആക്രമണം രണ്ട് ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 555 കടന്നതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 131 നഗരങ്ങൾ ഇതിനോടകം ബോംബാക്രമണത്തിന് ഇരയായിട്ടുണ്ട്. ദക്ഷിണ ഇറാനിലെ മിനാബ് പട്ടണത്തിലുള്ള ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ മാത്രം 180 ഓളം പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ പൊരുതിക്കയറുകയാണ്.
യുദ്ധത്തിന്റെ പ്രകമ്പനം ലെബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയെ ലക്ഷ്യം വെച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ലെബനനിൽ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ ശക്തമായ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read; നതാൻസ് ആണവനിലയത്തിന് നേരെ ആക്രമണം? പ്രത്യാഘാതങ്ങൾ ഭയന്ന് ഐക്യരാഷ്ട്രസഭ, പശ്ചിമേഷ്യയിൽ ആശങ്കയേറുന്നു
അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ സൈനിക നടപടികൾ കടുപ്പിച്ചു. എന്നാൽ ഈ യുദ്ധത്തിൽ അമേരിക്കൻ ജനതയ്ക്ക് താൽപ്പര്യമില്ലെന്നാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. വെറും നാലിലൊന്ന് അമേരിക്കക്കാർ മാത്രമാണ് ഇറാന് മേലുള്ള സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നത്. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നാവികസേന അമേരിക്ക-ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്നത് ആഗോള ഇന്ധന വിപണിയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
The post അമേരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണം 555 കടന്നു appeared first on Express Kerala.



