
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാഷ്ട്രങ്ങളോടും അവിടുത്തെ ജനങ്ങളോടും കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ച മുഖ്യമന്ത്രി, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കി.
അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണകൂടങ്ങളും നൽകുന്ന നിർദേശങ്ങൾ പ്രവാസികൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും പൂർണമായും അനുസരിക്കാൻ എല്ലാവരും തയ്യാറാകണം. നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികൾ നേരിടുന്ന ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം സമ്പർക്കം പുലർത്തണം. അധികൃതർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വാസത്തിലെടുക്കുക. സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അനാവശ്യ ഭീതി പരത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. നാട്ടിലുള്ള കുടുംബങ്ങളുടെ ആശങ്കയകറ്റാൻ നോർക്ക വഴി പ്രത്യേക ഹെൽപ്പ് ഡെസ്ക് സൗകര്യങ്ങളും ഏകോപിപ്പിക്കും. പ്രവാസികൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
The post ഗൾഫ് പ്രതിസന്ധി! പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി; നിർദേശങ്ങൾ കർശനമായി പാലിക്കണം appeared first on Express Kerala.



