
കുവൈത്തിൽ അമേരിക്കയുടെ മൂന്ന് യുദ്ധവിമാനങ്ങൾ തകർന്നുവീണ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി അമേരിക്കൻ സെൻട്രൽ കമാൻഡ് രംഗത്തെത്തി. കുവൈത്ത് പ്രതിരോധസേനയ്ക്ക് പറ്റിയ പിഴവാണ് വിമാനങ്ങൾ തകരാൻ കാരണമായതെന്നും വിമാനങ്ങളിലുണ്ടായിരുന്ന ആറ് പൈലറ്റുമാരും സുരക്ഷിതരാണെന്നും അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു.
ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂരി’യുടെ ഭാഗമായിരുന്ന മൂന്ന് ‘എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ’ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇറാനിൽ നിന്നുള്ള യുദ്ധവിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിൽ, കുവൈത്ത് പ്രതിരോധസേനയുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധത്തിലുള്ള വെടിവെയ്പ്പിലാണ് വിമാനങ്ങൾ തകർന്നതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സംഭവം നടന്നതായി നേരത്തെ കുവൈത്തും സ്ഥിരീകരിച്ചിരുന്നു.
Also Read: സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ വന്ന അഞ്ച് ഡ്രോണുകളും തകർത്തു
വിമാനങ്ങളിൽ നിന്ന് പൈലറ്റുമാർ സുരക്ഷിതരായി പുറത്തെത്തിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. നടന്നത് അബദ്ധമാണെന്ന് കുവൈത്ത് അംഗീകരിച്ചിട്ടുണ്ട്. നിലവിലെ സൈനിക ഓപ്പറേഷനിൽ കുവൈത്ത് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച അമേരിക്കൻ സെൻട്രൽ കമാൻഡ്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു.
The post കുവൈത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു; അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് സ്ഥിരീകരണം appeared first on Express Kerala.



