
ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്റെ പ്രഥമ വനിത മൻസൂരേ ഖോജസ്തേ ബാഗെർസാദേ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭാര്യയായ ഇവർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 1964-ൽ വിവാഹിതരായ ഇവർക്ക് ആറ് മക്കളുണ്ട്. ആക്രമണം നടന്ന സമയത്ത് ഖമേനിക്കൊപ്പം ഇറാനിലെ വസതിയിലായിരുന്നു മൻസൂരേയും ഉണ്ടായിരുന്നത്.
അയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. ഇത് മുസ്ലീങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് വിശേഷിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ, ശത്രുക്കളുടെ താവളങ്ങൾ തകർക്കുമെന്നും ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇറാന്റെ ആത്മാഭിമാനത്തിന് നേരെയുള്ള ഈ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന ഉറച്ച നിലപാടിലാണ് രാജ്യം.
Also Read:കുവൈത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു; അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് സ്ഥിരീകരണം
ഇതിന്റെ ഭാഗമായി അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. കൂടാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെയും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ അമേരിക്കയും ഇസ്രായേലും നിഷേധിച്ചിരിക്കുകയാണ്. ഇറാനിയൻ റെഡ് ക്രസന്റിന്റെ കണക്കുകൾ പ്രകാരം സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 555 ഇറാനികൾ കൊല്ലപ്പെടുകയും 130-ലധികം നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
The post ഖമേനിയുടെ ഭാര്യ കൊല്ലപ്പെട്ടു; മൻസൂരേ ഖോജസ്തേയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ appeared first on Express Kerala.



