
പശ്ചിമേഷ്യൻ മേഖലയെ യുദ്ധഭീതിയുടെ മുൾമുനയിൽ നിർത്തി അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. രണ്ട് ഡ്രോണുകൾ എംബസി വളപ്പിൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റ് നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. അമേരിക്കൻ സൈനിക നീക്കങ്ങൾക്കെതിരെ മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ പുതിയ പ്രത്യാക്രമണം.
അതേസമയം ഇറാന്റെ തലസ്ഥാന നഗരിയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി ആസ്ഥാനത്തിന് നേരെയാണ് ഇത്തവണ വ്യോമാക്രമണമുണ്ടായത്. ആസ്ഥാനത്തിന് സമീപം രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസി തന്നെ സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്കിടയിലും തങ്ങളുടെ സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അവർ അറിയിച്ചു. ഇതിനിടെ ഇറാനിലുണ്ടായ മറ്റൊരു വ്യോമാക്രമണത്തിൽ പ്രമുഖ നേതാവ് അറാഫി കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Also Read:അമേരിക്കയ്ക്ക് സ്പെയിനിന്റെ കനത്ത പ്രഹരം; ഇറാൻ ആക്രമണത്തിന് വ്യോമത്താവളങ്ങൾ നൽകില്ല
ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ആഗോള എണ്ണ വിപണിയെ സ്തംഭിപ്പിക്കാനുറച്ചുള്ള കടുത്ത നീക്കത്തിലാണ് ഇറാൻ. ആഗോള എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ റെവല്യൂഷണറി ഗാർഡ് അടച്ചിട്ടു. ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനും തീയിടുമെന്ന കമാൻഡറുടെ മുന്നറിയിപ്പ് വിദേശ രാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിനിടെ ലബനനിലും ഇസ്രയേൽ ആക്രമണം ഭീകരമായി തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം ലബനനിൽ 52 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബാക്രമണം രൂക്ഷമായതോടെ ബെയ്‌റൂട്ടിൽ നിന്നും തെക്കൻ ലബനനിൽ നിന്നും ഏകദേശം 28,500-ലധികം ആളുകൾ ഇതിനോടകം പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.
The post റിയാദിൽ ഇറാന്റെ ഡ്രോൺ പ്രഹരം! ഇറാൻ വാർത്താ ഏജൻസി ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം appeared first on Express Kerala.



