
റെസ്റ്റോറന്റിൽ പോയി ഇഷ്ടവിഭവം ഓർഡർ ചെയ്ത് കഴിച്ച് മടങ്ങുന്ന പഴയ ശീലങ്ങൾ മാറുകയാണ്. കഴിക്കുന്ന ഭക്ഷണത്തിനപ്പുറം നൽകുന്ന ‘അനുഭവങ്ങൾ’ വിൽക്കുന്ന കാലമാണിത്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് മയാമിയിലെയും വാഷിംഗ്ടൺ ഡി.സിയിലെയും പ്രശസ്തമായ ‘എൽസീലോ’ റെസ്റ്റോറന്റിലെ വ്യത്യസ്തമായ ‘ചോക്കോതെറാപ്പി’യാണ്.
എന്താണ് ഈ ചോക്കോതെറാപ്പി?
ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ കഴുകാൻ സോപ്പിനോ ഹാൻഡ് വാഷിനോ പകരം ഉരുക്കിയ ചോക്ലേറ്റ് നൽകുന്ന രീതിയാണിത്. ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസ് വിഭാവനം ചെയ്ത ഈ രീതിയിലൂടെ അതിഥികൾക്ക് തങ്ങളുടെ കുട്ടിക്കാലം ഓർത്തെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ കൈകളിലും മുഖത്തും ചോക്ലേറ്റ് പറ്റിപ്പിടിക്കുമ്പോഴുണ്ടാകുന്ന ആ നിഷ്കളങ്കമായ സന്തോഷം മുതിർന്നവർക്കും ഒരിക്കൽ കൂടി നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Also Read:മത്തി പൊരിച്ചതിൽ ഇനി ‘ട്വിസ്റ്റ്’; വീട്ടിലുണ്ടാക്കാം ഹോട്ടൽ സ്റ്റൈൽ സ്‌പെഷ്യൽ ഫ്രൈ!
അനുഭവം ഇങ്ങനെ
ഹോട്ടലിലെത്തുന്ന അതിഥികൾക്ക് ആദ്യം കൈ തുടയ്ക്കാനായി ഒരു ടവൽ നൽകും. തുടർന്ന് വെയ്റ്റർ വന്ന് ചെറുതായി ചൂടാക്കിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് അതിഥിയുടെ കൈകളിലേക്ക് ഒഴിച്ചു കൊടുക്കുന്നു. അതിഥികൾ പതുക്കെ ഈ ചോക്ലേറ്റ് ഉപയോഗിച്ച് കൈകൾ തമ്മിൽ കൂട്ടി തിരുമ്മുന്നു. ചോക്ലേറ്റിന്റെ മണവും സ്പർശവും ആസ്വദിക്കുന്നതിലൂടെ മാനസികമായ ഒരു ഉല്ലാസമാണ് ലക്ഷ്യം വെക്കുന്നത്. ശേഷം ഒരു ബൗൾ വെള്ളത്തിൽ കൈകൾ കഴുകി വൃത്തിയാക്കാം. ഇതിന് ശേഷമാണ് അതിഥികൾ പ്രധാന വിഭവങ്ങളിലേക്ക് കടക്കുന്നത്.
ഒരോർമ്മയ്ക്ക് 26,000 രൂപ!
കുട്ടിക്കാലം ഓർക്കാനും ഈ ചോക്ലേറ്റ് തിരുമ്മലിനും കൂലി അല്പം കൂടുതലാണ്. ഒരു തവണത്തെ ഈ ചോക്കോതെറാപ്പിക്ക് മാത്രമായി റെസ്റ്റോറന്റ് ഈടാക്കുന്നത് ഏകദേശം 26,000 ഇന്ത്യൻ രൂപയാണ്. വലിയ വിലയാണെങ്കിലും സോഷ്യൽ മീഡിയയിലും മറ്റും ഈ പരീക്ഷണം വലിയ രീതിയിൽ തരംഗമാവുകയാണ്. വിഭവങ്ങളിലെ പുതുമയേക്കാൾ ഡൈനിംഗിലെ ഈ വ്യത്യസ്തമായ രീതികൾ തേടി നിരവധി പേരാണ് എൽസീലോയിലേക്ക് എത്തുന്നത്.
The post കൈ കഴുകാൻ ചോക്ലേറ്റ്! 26,000 രൂപയുടെ ഈ ‘ചോക്കോതെറാപ്പി’ ഡൈനിംഗ് വൈറലാകുന്നു appeared first on Express Kerala.



