
സൗദി അറേബ്യയുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം കടുപ്പിച്ചതോടെ മേഖലയിൽ യുദ്ധസന്നാഹങ്ങൾ ഒരുക്കി സൗദി അറേബ്യ. എണ്ണ ശുദ്ധീകരണ ശാലകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇനിയും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്ന് സൗദി ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. വാർത്താ ഏജൻസിയായ എ.എഫ്.പി. ആണ് സൗദിയുടെ സൈനിക തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നായ ആരാംകോയുടെ റാസ് തനൂറയ്ക്ക് നേരെ കഴിഞ്ഞ ദിവസം ഇറാന്റെ ഡ്രോണാക്രമണമുണ്ടായി. സൗദി പ്രതിരോധ സേന ഡ്രോണുകൾ തകർത്തുവീഴ്ത്തിയെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ പതിച്ച് ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായി. സുരക്ഷാ കാരണങ്ങളാൽ പ്ലാന്റിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 55,000 വീപ്പ എണ്ണ ശുദ്ധീകരിക്കുന്ന ഈ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ആഗോള എണ്ണവിപണിയെയും ആശങ്കയിലാക്കുന്നുണ്ട്.
തലസ്ഥാനമായ റിയാദിലെ വ്യോമത്താവളം ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോൺ സൗദി സൈന്യം വെടിവെച്ചിട്ടു. അമേരിക്കൻ സൈനികരുടെ സാന്നിധ്യമുള്ള ഈ താവളത്തിന് നേരെ തുടർച്ചയായ മൂന്നാം ദിവസമാണ് ഇറാൻ ആക്രമണശ്രമം നടത്തുന്നത്. ഗൾഫ് തീരത്തിന് നേരെ എതിർവശത്തുള്ള ഇറാനിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിക്കുന്നത്.
Also Read: അമേരിക്കയ്ക്ക് സ്പെയിനിന്റെ കനത്ത പ്രഹരം; ഇറാൻ ആക്രമണത്തിന് വ്യോമത്താവളങ്ങൾ നൽകില്ല
ബ്രിട്ടീഷ് വ്യോമസേനാ താവളം ഒഴിപ്പിച്ചു
സംഘർഷം യൂറോപ്യൻ രാജ്യമായ സൈപ്രസിലേക്കും വ്യാപിച്ചിരിക്കുകയാണ്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളമായ ആക്രൊട്ടീറിയിലെ റൺവേയിൽ ഇറാന്റെ ഡ്രോൺ തകർന്നുവീണതിനെത്തുടർന്ന് താവളം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ പാഫോസ് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചുപൂട്ടിയിട്ടുണ്ട്.
ഇറാനെതിരെയുള്ള ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകുമെന്ന് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈപ്രസിൽ ആക്രമണമുണ്ടായത്. തുടക്കത്തിൽ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ബ്രിട്ടൻ അറിയിച്ചിട്ടുണ്ടെങ്കിലും, ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടർന്നാൽ നിലപാട് മാറ്റേണ്ടി വരുമെന്ന് ബ്രിട്ടീഷ് പശ്ചിമേഷ്യാകാര്യ മന്ത്രി ഹാമിഷ് ഫാൽക്കണർ വ്യക്തമാക്കി.
The post ഇറാൻ പ്രകോപനം തുടരുന്നു; തിരിച്ചടിക്കാനൊരുങ്ങി സൗദി! സൈപ്രസിലെ ബ്രിട്ടീഷ് താവളം ഒഴിപ്പിച്ചു appeared first on Express Kerala.



