പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും (പ്രതിദിനം 25-27 ലക്ഷം ബാരല്‍) ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് അടുത്ത കാലത്തായി റഷ്യൻ എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിരുന്നെങ്കിലും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എണ്ണയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.
ഏഷ്യൻ സമുദ്രമേഖലയില്‍ ഇപ്പോള്‍ ലഭ്യമായ ഏകദേശം ഒരു കോടി ബാരലോളം വരുന്ന റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിന്‍റെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണെന്നിരിക്കെ, ഹോർമുസ് പാതയിലെ തടസം രാജ്യത്തെ ഇന്ധന വിലയെയും ലഭ്യതയെയും സാരമായി ബാധിച്ചേക്കാം. നിലവില്‍ പത്ത് ദിവസത്തേക്കുള്ള എണ്ണ ശേഖരവും തന്ത്രപ്രധാനമായ പെട്രോളിയം റിസർവുകളും ഇന്ത്യയ്ക്കുണ്ടെങ്കിലും, പ്രതിസന്ധി നീണ്ടുപോയാല്‍ ഇത് തികയില്ല. ഈ സാഹചര്യത്തില്‍ അമേരിക്ക, പശ്ചിമാഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്‍പിജി വലിയ ആശങ്ക
എണ്ണയേക്കാള്‍ ഉപരിയായി എല്‍പിജി, എല്‍എൻജി വിതരണത്തിലാണ് ഇന്ത്യ കൂടുതല്‍ ആശങ്കപ്പെടുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന പാചകവാതകത്തിന്‍റെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്, ഇതില്‍ ഭൂരിഭാഗവും വരുന്നത് ഹോർമുസ് പാതയിലൂടെയാണ്. ക്രൂഡ് ഓയിലിനെപ്പോലെ എല്‍പിജിക്ക് വലിയ തോതിലുള്ള തന്ത്രപ്രധാന ശേഖരം ഇന്ത്യയ്ക്കില്ല എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് അടച്ചിടുകയാണെങ്കില്‍ രാജ്യത്ത് പാചകവാതക വിതരണത്തില്‍ കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിസന്ധി നീണ്ടാല്‍ എല്‍പിജി നല്‍കുന്നതിന് പരിധി ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.



