
ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഭാരതി എയർടെൽ ഗൂഗിളുമായി സഹകരിക്കുന്നു. എയർടെല്ലിന്റെ നെറ്റ്‌വർക്ക് ഇന്റലിജൻസും ഗൂഗിളിന്റെ അത്യാധുനിക മെസേജിംഗ് സംവിധാനമായ ‘റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസും’ സംയോജിപ്പിച്ചാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഗൂഗിൾ പ്ലാറ്റ്‌ഫോം വഴി അയക്കുന്ന സന്ദേശങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്പാം പ്രൊട്ടക്ഷൻ ടൂൾ ഏർപ്പെടുത്തുന്നതോടെ, വ്യാജ സന്ദേശങ്ങൾ തത്സമയം തിരിച്ചറിയാനും തടയാനും സാധിക്കും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ ആശയവിനിമയ സാഹചര്യം ഒരുക്കും.
വാട്‌സ്ആപ്പിന് സമാനമായ ഫീച്ചറുകളോടെയാണ് ഈ സേവനം എത്തുന്നത്. ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും അയക്കാനും മെസേജുകൾക്ക് റിയാക്ഷൻ നൽകാനുമുള്ള സൗകര്യം ഇതിലുണ്ടാകും. കൂടാതെ, കമ്പനികളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ വിശ്വാസയോഗ്യമാണോ എന്ന് തിരിച്ചറിയാൻ പ്രത്യേക വെരിഫിക്കേഷൻ സംവിധാനവും എയർടെൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി വർധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജ സന്ദേശങ്ങൾക്കും തടയിടാൻ ടെലികോം ഗ്രേഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ഉറപ്പാക്കും.
നേരത്തെ എയർടെൽ അവതരിപ്പിച്ച എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷൻ സംവിധാനം കേരളത്തിൽ വലിയ വിജയമായിരുന്നു. പ്രവർത്തനം തുടങ്ങി വെറും 19 ദിവസത്തിനുള്ളിൽ 5.5 കോടി സ്പാം കോളുകളും 10 ലക്ഷം സ്പാം എസ്എംഎസുകളുമാണ് കേരളത്തിൽ മാത്രം കണ്ടെത്തിയത്. പുതിയ ആപ്പുകളോ അധിക നിരക്കോ ഇല്ലാതെ തന്നെ എയർടെൽ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള പോരാട്ടത്തിൽ ഗൂഗിളുമായുള്ള ഈ പുതിയ പങ്കാളിത്തം വലിയൊരു നാഴികക്കല്ലാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
The post സ്പാം സന്ദേശങ്ങൾക്ക് പൂട്ടിടാൻ എയർടെലും ഗൂഗിളും; ഡിജിറ്റൽ സുരക്ഷയിൽ പുതിയ വിപ്ലവം appeared first on Express Kerala.



