
തൃശ്ശൂർ: കുടുംബത്തിലെ പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ അടുത്തെത്തി സൗഹൃദം സ്ഥാപിച്ച ശേഷം 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടകര പാറേക്കാട്ടുകര സ്വദേശി സൂര്യ (26) ആണ് പിടിയിലായത്. മൂലംകുടം സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്.
കഴിഞ്ഞ മാസം 16-നായിരുന്നു സംഭവം. പൂജകൾക്കായി അജേഷിന്റെ വീട്ടിൽ സ്ഥിരമായി എത്താറുള്ള സൂര്യയ്ക്ക് വീട്ടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയായിരുന്നു മോഷണം. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റ സൂര്യ, ആ തുക ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി.
Also Read: മദ്യപാനം തടഞ്ഞ അച്ഛനെ വെട്ടിക്കൊന്ന് ടാങ്കിലിട്ടു; പിന്നാലെ ബിരിയാണി കഴിച്ച് ആഘോഷം, മകൻ പിടിയിൽ
കൂടാതെ പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. പിടിയിലാകുന്ന സമയത്ത് മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ ആഭരണങ്ങൾ ഇവർ ധരിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കൊടകര പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സൂര്യ കുടുങ്ങിയത്. ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post പൂജാരിയുടെ വീട്ടിൽ മോഷണം; പ്രശ്നപരിഹാരത്തിനെത്തി 12 പവൻ കവർന്ന 26-കാരി പിടിയിൽ appeared first on Express Kerala.




