
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് വാട്‌സ്ആപ്പ് വഴി നന്ദി സന്ദേശം അയക്കുന്നതിൽ എന്താണ് തെറ്റെന്ന് കേരള ഹൈക്കോടതി. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ, സഹകരിച്ചവർക്ക് നന്ദി അറിയിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഉപഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. എന്നാൽ, സർക്കാർ നൽകുന്ന ഡി.എ (ക്ഷാമബത്ത) സന്ദേശങ്ങളിൽ രാഷ്ട്രീയമുണ്ടെന്നും ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ഇതിനായി ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി.
ശമ്പള വിവരങ്ങൾ അറിയാൻ ജീവനക്കാർ നൽകിയ മൊബൈൽ നമ്പരുകളിലേക്ക് എങ്ങനെയാണ് ഡി.എ സന്ദേശങ്ങൾ അയക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത് ഒരുതരം പരസ്യമല്ലേ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. എന്നാൽ സ്പാർക്കിലെ വിവരങ്ങൾ ദുരുപയോഗം ചെയ്തല്ല സന്ദേശങ്ങൾ അയക്കുന്നതെന്നും, ഇ-ഗവേണൻസ് നോഡൽ ഏജൻസിയായ ഐടി മിഷന്റെ പക്കൽ 2003 മുതൽ ഈ വിവരങ്ങൾ ഉണ്ടെന്നും സർക്കാർ മറുപടി നൽകി. മുഖ്യമന്ത്രി എന്നത് രാഷ്ട്രീയ നേതൃത്വം മാത്രമാണെന്ന് പറഞ്ഞ് വേർതിരിക്കാനാവില്ലെന്നും ഭരണഘടനാപരമായ എക്സിക്യൂട്ടീവ് അധികാരത്തിന്റെ ഭാഗമായാണ് സന്ദേശങ്ങൾ അയക്കുന്നതെന്നും സർക്കാർ വാദിച്ചു.
Also Read:അമേരിക്കയുടേത് ക്രൂരത, ലോകം ഒന്നിക്കണം! യുദ്ധവിരുദ്ധ റാലികളുമായി എൽഡിഎഫ്
ഐടി മിഷനിലെ ഉദ്യോഗസ്ഥർക്ക് സ്പാർക് വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഓട്ടോമാറ്റിക് സംവിധാനം വഴിയാണോ സന്ദേശങ്ങൾ അയക്കുന്നതെന്ന് ചോദിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത നൽകാൻ ഐടി മിഷനിലെ ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഡി.എ സന്ദേശം സംബന്ധിച്ച മറുപടി സത്യവാങ്മൂലം നാളെ നൽകാമെന്ന് ഹർജിക്കാരനും കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഉപഹർജിയും പ്രധാന ഹർജിയും നാളെ വീണ്ടും പരിഗണിക്കും.
The post നന്ദി സന്ദേശം അയക്കുന്നതിൽ എന്താണ് തെറ്റ്? സർക്കാരിനോട് ഹൈക്കോടതി; ഐടി മിഷൻ നാളെ ഹാജരാകണം appeared first on Express Kerala.




