മാതാപിതാക്കളുടെ പിണക്കം കാരണം വീടുവിട്ടു, ഒടുവിൽ പീഡനം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

മാതാപിതാക്കളുടെ പിണക്കം കാരണം വീടുവിട്ടു, ഒടുവിൽ പീഡനം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

തൊടുപുഴ: വീട്ടിലെ കലഹത്തെത്തുടർന്ന് വീടുവിട്ടിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 48 വർഷം കഠിനതടവ്. വണ്ണപ്പുറം മുള്ളിരിക്കാട് സ്വദേശി കൊച്ചുകുന്നേൽ ബേസിൽ അവറാച്ചനെയാണ് (38) തൊടുപുഴ പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 2.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഏഴര വർഷം കൂടി അധിക തടവ് അനുഭവിക്കണം.

2021 ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതി പരിചയപ്പെടുന്നത്. സഹായം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വിശ്വസിപ്പിച്ച് കൂടെക്കൂട്ടിയ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറംലോകമറിഞ്ഞത്.

Also Read:ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു! സംഭവം കൊല്ലത്ത്, രണ്ടുപേർ പിടിയിൽ

ശിക്ഷാവിധിയിൽ അതിജീവിതയ്ക്കുള്ള നഷ്ടപരിഹാരത്തിനും കോടതി മുൻഗണന നൽകിയിട്ടുണ്ട്. പ്രതി അടയ്ക്കുന്ന പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. ഇതിനു പുറമെ നാല് ലക്ഷം രൂപ പ്രത്യേക നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചു. അതിജീവിതയ്ക്ക് മതിയായ കൂടുതൽ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസസ് അതോരിറ്റി ഉറപ്പാക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

The post മാതാപിതാക്കളുടെ പിണക്കം കാരണം വീടുവിട്ടു, ഒടുവിൽ പീഡനം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി appeared first on Express Kerala.

Spread the love
Scroll to Top