
ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകൾ സമർപ്പിക്കുന്നതിൽ തുടർച്ചയായി കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ കോടതി നേരിട്ട് ഇടപെടുകയായിരുന്നു. പൊരുത്തക്കേടുകൾ പരിഹരിച്ച് വ്യക്തമായ റിപ്പോർട്ട് നൽകാൻ എത്ര സമയം വേണമെന്ന് കോടതി ആരാഞ്ഞതിനെത്തുടർന്ന്, 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഓഡിറ്റർ അറിയിച്ചു.
കണക്കുകൾ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കേസിൽ കക്ഷി ചേർത്ത കോടതി, എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ കണക്ക് അവതരിപ്പിക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻപ് സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി സമർപ്പിച്ച കണക്കുകളിലും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഈ കർശന നടപടി.
Also Read: വേങ്ങരയിൽ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സംസ്ഥാന ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട രേഖകൾ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്ന് കോടതിയിൽ പരാതി ഉയർന്നിരുന്നു. എന്നാൽ രേഖകളെല്ലാം സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയെന്നാണ് ബോർഡിന്റെ വിശദീകരണം. കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ ദേവസ്വം ബോർഡ് പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും കോടതിയിൽ തൃപ്തികരമായ കണക്കുകൾ ഹാജരാക്കാൻ അവർക്കും സാധിച്ചിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സമർപ്പിക്കുന്ന പുതിയ റിപ്പോർട്ട് കേസിൽ നിർണ്ണായകമാകും.
The post അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്! റിപ്പോർട്ട് നൽകാൻ ഓഡിറ്റർക്ക് 10 ദിവസം അനുവദിച്ച് ഹൈക്കോടതി appeared first on Express Kerala.




