PUDUKAD-NEWS-PUTHUKAD-NEWS

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിംഗ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു

ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബി (25) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

പ്രതിയെ ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

2025 സെപ്റ്റംബർ മാസം മുതൽ പ്രധാന പ്രതികൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരനെ കൊണ്ട് എസിഎസ് ട്രേഡ് എന്ന വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്നും എച്ച്.എൻ.ഐ. വിഭാഗത്തിലുള്ള ഐ.പി.ഒ. ട്രേഡിംഗ് നടത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിനുള്ളിൽ 2,04,37,143 രൂപ പരാതിക്കാരനിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിയത്. തുടർന്ന് വിശ്വാസം പിടിച്ചു പറ്റുന്നതിനായി 10 ലക്ഷം രൂപ തിരികെ നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള 1,94,37,143 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, കമ്മീഷൻ ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെടുകയും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയുമായിരുന്നു.

See also  തൃശൂർ മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

കേസിലെ പ്രധാന പ്രതിയായ സിനു മുന്ദൻ എന്നയാളുടെ നിർദേശപ്രകാരം ഇടുക്കി കട്ടപ്പന ബ്രാഞ്ചിൽ അരവിന്ദ് സിബി ഡയക്ടർ ആയ കമ്പനിയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 18 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങുകയും തുടർന്ന് സിനു മുന്ദന്റെ നിർദേശപ്രകാരം അയാൾ ഡൽഹിയിലേക്ക് പോയി ഡൽഹിയിൽ 12 ദിവസത്തോളം സ്റ്റേ ചെയ്യുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡും ഇന്റർനെറ്റ് ബാങ്കിന്റെ യൂസർനെയിമും പാസ്വേർഡും സിനു മുന്ദന് നൽകുകയും സിനു മുകുന്ദൻ അക്കൗണ്ടിലുള്ള 18 ലക്ഷം രൂപ മറ്റ് പല അക്കൗണ്ടുകളിലേക്കും കൈമാറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് കൈമാറി തട്ടിപ്പ് പണം കൈമാറ്റം ചെയ്തതിനാണ് അരവിന്ദ് സിബിയെ ഈ കേസ്സിലേക്ക് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ഗ്ലാഡിൻ, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ അജിത്ത്, സുധീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

See also  കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top