
കൊച്ചി പുറംകടലിലുണ്ടായ എംഎസ്‌സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. അപകടം നടന്ന് ഇത്രയും കാലമായിട്ടും കേന്ദ്രം എന്താണ് ചെയ്തതെന്നും ഒരു കപ്പൽ അപകടമുണ്ടായാൽ സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. മത്സ്യത്തൊഴിലാളികളും ടി.എൻ. പ്രതാപനും നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ.
കൊച്ചി തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് അപകടം നടന്നതെന്നതിനാൽ വിഷയത്തിൽ മറുപടി നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്ന് കോടതി നിരീക്ഷിച്ചു. കടലിൽ വീണ കണ്ടെയ്‌നറുകൾ മാറ്റാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി. വിഷയത്തിൽ സംസ്ഥാന സർക്കാരും മറുപടി നൽകേണ്ടതുണ്ട്. 2025 മെയ് മാസത്തിൽ വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ‘എംഎസ്‌സി എൽസ 3’ എന്ന ലൈബീരിയൻ ചരക്കുകപ്പലാണ് കൊച്ചി പുറംകടലിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
Also Read: സിപിഎമ്മിൽ നിന്ന് പുറത്താക്കി; പാർട്ടി ബന്ധം അവസാനിച്ചെങ്കിലും പോരാട്ടം തുടരുമെന്ന് പി.കെ. ശശി
ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചരിയുകയും 400-ഓളം കണ്ടെയ്‌നറുകൾ കടലിൽ വീഴുകയുമായിരുന്നു. ഈ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനാൽ അക്കാലത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കടലിൽ വീണ ഈ കണ്ടെയ്‌നറുകൾ മത്സ്യബന്ധനത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിച്ചു എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്.
The post എംഎസ്‌സി കപ്പൽ അപകടം; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി appeared first on Express Kerala.




