പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് കടക്കവേ, ഇറാന്റെ മിസൈൽ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സഖ്യം നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമാണിതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയും അവയുടെ നിർമ്മാണ ശേഷിയെയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അഡ്മിറൽ ബ്രാഡ് കൂപ്പർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സൈനിക നടപടിയിലൂടെ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇറാന്റെ ഇരുന്നൂറോളം സൈനിക താവളങ്ങളാണ് അമേരിക്ക തകർത്തത്. ഇതിൽ പ്രധാനമായും ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ബി-2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ച് അതിശക്തമായ ബോംബ് വർഷമാണ് നടത്തുന്നത്. ആക്രമണത്തെത്തുടർന്ന് ഇറാന്റെ മിസൈൽ ശേഷിയിൽ 90 ശതമാനത്തോളം കുറവുണ്ടായതായും അമേരിക്ക അവകാശപ്പെടുന്നു. വെറും ആക്രമണം എന്നതിലുപരി, ഭാവിയിൽ മിസൈലുകൾ പുനർനിർമ്മിക്കാനുള്ള ഇറാന്റെ സാങ്കേതിക ശേഷി കൂടി തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അഡ്മിറൽ കൂപ്പർ കൂട്ടിച്ചേർത്തു.
Also Read:അമേരിക്കയും വെനിസ്വേലയും കൈകോർക്കുന്നു; നയതന്ത്ര ബന്ധങ്ങൾ ഔദ്യോഗികമായി പുനഃസ്ഥാപിച്ചു!
കരയിലെ ആക്രമണങ്ങൾക്ക് പുറമെ കടലിലും ഇറാന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. വിമാനവാഹിനിക്കപ്പലിന്റെ വലിപ്പമുള്ള ഇറാന്റെ അത്യാധുനിക ഡ്രോൺ വാഹിനി കപ്പലിനെ അമേരിക്കൻ നാവികസേന കടലിൽ മുക്കി. ഇറാനിയൻ കപ്പൽ പുകയിൽ മുങ്ങി താഴുന്നതിന്റെ ദൃശ്യങ്ങൾ സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ഇറാനിയൻ നാവികസേനയെ പൂർണ്ണമായും തകർക്കുന്നത് വരെ ഈ നടപടികൾ തുടരുമെന്നാണ് വാഷിംഗ്ടൺ നൽകുന്ന മുന്നറിയിപ്പ്.
The post ഇറാനെ ആക്രമിക്കാൻ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’; മിസൈൽ ആസ്ഥാനങ്ങൾ തകർക്കാൻ ട്രംപിന്റെ ഉത്തരവ്! appeared first on Express Kerala.




