
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ തട്ടകമായ തലശ്ശേരിയിൽ ഇക്കുറി പോരാട്ടം കടുക്കും. സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറിന് മൂന്നാമൂഴം നൽകണോ അതോ പുതിയൊരാളെ പരീക്ഷിക്കണോ എന്ന കാര്യത്തിൽ സിപിഐഎമ്മിൽ ആലോചനകൾ സജീവമാണ്. ഷംസീർ മാറുകയാണെങ്കിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ താല്പര്യം. കാരായി രാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേരും ചർച്ചകളിലുണ്ട്.
2021-ൽ 36,801 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഷംസീർ വിജയിച്ചത്. തലശ്ശേരി നഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നേടിയിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ തലശ്ശേരി നിയമസഭാ മണ്ഡഡലത്തിൽ എൽഡിഎഫിന് 8,630 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ റഷീദ്, ദേശീയ സെക്രട്ടറി വി.കെ. ഷിബിന എന്നിവർക്കൊപ്പം മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ പേരും പട്ടികയിലുണ്ട്. കഴിഞ്ഞ തവണ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടതിനെത്തുടർന്ന് മത്സരരംഗത്തുനിന്ന് പുറത്തായ ബിജെപി ജില്ലാ മുൻ പ്രസിഡന്റ് എൻ. ഹരിദാസിനെ ഇക്കുറി വീണ്ടും പരിഗണിക്കുന്നുണ്ട്. എബിവിപി മുൻ അഖിലേന്ത്യാ നേതാവ് ഒ. നിധീഷും പരിഗണനയിലുണ്ട്.
The post തലശ്ശേരിയിൽ ഷംസീറിന് ‘മൂന്നാമൂഴം’ ലഭിക്കുമോ? കാരായി രാജനെ രംഗത്തിറക്കാൻ സിപിഐഎം appeared first on Express Kerala.




