
2026 ഫെബ്രുവരിയിൽ വിപണിയിൽ വൻ കുതിച്ചുചാട്ടവുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 37 ശതമാനത്തിന്റെ തകർപ്പൻ വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്. 2025 ഫെബ്രുവരിയിൽ 89,966 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത്, ഈ വർഷം അത് 1,23,299 യൂണിറ്റുകളായി ഉയർന്നു. ആഭ്യന്തര വിപണിയിൽ മാത്രം 38 ശതമാനം വളർച്ചയോടെ 1,01,071 യൂണിറ്റുകൾ വിറ്റഴിക്കാൻ സുസുക്കിക്ക് സാധിച്ചു. കയറ്റുമതിയിലും 33 ശതമാനം വർധനവ് (22,228 യൂണിറ്റുകൾ) കമ്പനി കൈവരിച്ചു.
വാഹന വിൽപ്പനയ്ക്ക് പുറമെ സ്പെയർ പാർട്സ് വിഭാഗത്തിലും മികച്ച നേട്ടമാണ് കമ്പനി ഉണ്ടാക്കിയത്. 893.6 ദശലക്ഷം രൂപയുടെ വരുമാനമാണ് ഈ മാസം സ്പെയർ പാർട്സിലൂടെ ലഭിച്ചത്. ഉപഭോക്താക്കൾക്കും ഡീലർമാർക്കും ബ്രാൻഡിലുള്ള വിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് മുട്രേജ പറഞ്ഞു. റൈഡർമാരുമായി നിരന്തരം ഇടപഴകുന്നതും മികച്ച സേവനങ്ങൾ നൽകുന്നതും വളർച്ചയ്ക്ക് സഹായിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.
Also Read:വാഹന വിപണിയിൽ വൻ കുതിപ്പ്; ഫെബ്രുവരിയിൽ വിറ്റഴിച്ചത് 24 ലക്ഷം വാഹനങ്ങൾ!
ഈ മാസം സുസുക്കി ആക്സസ് സ്കൂട്ടറുകളിൽ സിംഗിൾ-ചാനൽ എബിഎസ് (ABS) സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങൾ കമ്പനി പരിഷ്കരിച്ചു. കൂടാതെ, സിക്കിമിലെ ഗാങ്ടോക്കിലും ഡെറാഡൂണിലും പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ചതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുസുക്കിക്ക് സാന്നിധ്യമായി. ഹൈദരാബാദിൽ നടന്ന സുസുക്കി മത്സുരി ഫെസ്റ്റിവൽ, കൊൽക്കത്തയിലെ ആനിമേ ഇന്ത്യ, വിവിധ നഗരങ്ങളിൽ നടന്ന ജിക്സർ പിറ്റ് സ്റ്റോപ്പ് ഇവന്റുകൾ എന്നിവയിലൂടെ ഉപഭോക്തൃ ബന്ധം ശക്തമാക്കാനും കമ്പനിക്ക് സാധിച്ചു.
The post വിപണി പിടിച്ചടക്കി സുസുക്കി; ഫെബ്രുവരിയിൽ 37% വളർച്ചയുമായി റെക്കോർഡ് വിൽപ്പന! appeared first on Express Kerala.




