
ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. തകർന്നു വീണ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളോ മാരകമായ രാസവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും ഇവ സ്പർശിക്കാനോ അടുത്തേക്ക് പോകാനോ പാടില്ല. അപകടസ്ഥലത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും തടസ്സമില്ലാതെ ജോലി ചെയ്യുന്നതിനായി ഇത്തരം സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമായേക്കാം. മിസൈൽ അവശിഷ്ടങ്ങളോ സമാനമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് സുരക്ഷാ സേനയെ വിവരം അറിയിക്കണം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
The post മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ ജാഗ്രത; സ്പർശിക്കരുത്, പടം പിടിക്കരുത്: കർശന നിർദ്ദേശങ്ങളുമായി യുഎഇ appeared first on Express Kerala.




