
അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ മിന്നലാക്രമണങ്ങളിൽ ഇറാന്റെ ഉന്നത നേതൃത്വത്തിന്റെ ശിരസ്സുകൾ ഓരോന്നായി മണ്ണിൽ വീണുവെന്ന് കരുതി ആരും ആഹ്ലാദിക്കേണ്ടതില്ല. സാമ്രാജ്യത്വ ശക്തികൾ വിക്ഷേപിച്ച മിസൈലുകൾക്ക് തകർക്കാൻ കഴിയാത്ത നെഞ്ചുറപ്പും അതിനേക്കാൾ തീക്ഷ്ണമായ പോരാട്ടവീര്യവുമായി ഇറാന്റെ പ്രതിരോധ കോട്ടയ്ക്ക് കാവൽ നിൽക്കാൻ പുതിയൊരു കരുത്തൻ എത്തിയിരിക്കുന്നു. സയണിസ്റ്റ് ശക്തികളെയും വൈറ്റ് ഹൗസിലെ അധികാരികളെയും ഒരേപോലെ വിറപ്പിക്കാൻ തക്ക ആത്മവിശ്വാസവും സൈനിക തന്ത്രവുമുള്ള ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പരമാധികാരമേറ്റെടുക്കുന്നത് കേവലമൊരു ഭരണമാറ്റമല്ല മറിച്ച് പ്രതികാരത്തിന്റെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. രാജ്യത്തിന്റെ വീരപുത്രന്മാർ രക്തസാക്ഷികളായ ആ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഈ കരുത്തൻ ഇറാന്റെ സൈനിക ശക്തിയെ കൂടുതൽ അപകടകാരിയായ ദിശയിലേക്കാണ് നയിക്കാൻ പോകുന്നത്.
മരിച്ചുവീണ രക്തസാക്ഷികളുടെ പകയും പേറി വാഹിദി ഈ നിർണായക സ്ഥാനത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോൾ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന വിനാശത്തിന്റെ നൂതന യുദ്ധതന്ത്രങ്ങൾക്കാണ് ഇനി പശ്ചിമേഷ്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ലോകശക്തികൾക്ക് നേരെ ഇറാന്റെ അഗ്നിബാണം തൊടുക്കാൻ വാഹിദി സർവ്വ സജ്ജനായി വരുന്നു എന്ന വാർത്തയറിഞ്ഞ് ലോക പോലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന പെന്റഗൺ പോലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാൻ കെട്ടിപ്പടുത്ത മിസൈൽ കരുത്തും ആഭ്യന്തര പ്രതിരോധ സംവിധാനങ്ങളും വാഹിദിയുടെ കീഴിൽ കൂടുതൽ കൃത്യതയോടെയും തീവ്രതയോടെയും ശത്രുവിന്റെ ഹൃദയഭാഗം ലക്ഷ്യമാക്കി നീങ്ങും. സയണിസ്റ്റ് കോട്ടകളുടെ പതനവും സാമ്രാജ്യത്വത്തിന്റെ പിൻവാങ്ങലും ലക്ഷ്യമിട്ടുള്ള ഈ പടപ്പുറപ്പാടിൽ ചരിത്രം തന്നെ വഴിമാറാൻ ഇനി നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
അഹമ്മദ് വാഹിദിയുടെ നേതൃത്വത്തിൽ ഇറാൻ ഒരുങ്ങുന്നത് വെറുമൊരു പ്രതിരോധത്തിനല്ല, മറിച്ച് ശത്രുവിന്റെ വേരുകൾ പിഴുതെറിയുന്ന പ്രത്യാക്രമണത്തിനാണ്. ഓരോ മിസൈൽ വിക്ഷേപണവും ഓരോ സൈനിക നീക്കവും വാഹിദിയുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമായി മാറുമ്പോൾ അദൃശ്യമായ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടുന്ന അമേരിക്കൻ ഭരണകൂടത്തിന് ഇനി ശാന്തമായി ഉറങ്ങാൻ കഴിയില്ല എന്നത് തീർച്ച. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതായി പറയപ്പെടുന്ന ആക്രമണങ്ങളിൽ ഇറാന്റെ നിരവധി മുതിർന്ന സൈനിക നേതാക്കൾ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തിന്റെ ഏറ്റവും ശക്തമായ സൈനിക സംഘടനയുടെ നേതൃത്വത്തിലേക്ക് അഹ്മദ് വാഹിദി എത്തിച്ചേർന്നിരിക്കുന്നത്. ഇറാനിലെ ഏറ്റവും സ്വാധീനമുള്ളതും ഒരേസമയം ഏറ്റവും അപകടകരവുമായ സ്ഥാനങ്ങളിലൊന്നാണ് ഈ പദവി. രാജ്യത്തിനെതിരെ ശക്തമായ ആക്രമണങ്ങൾ നടക്കുകയും സൈനിക നേതൃത്വത്തിൽ തുടർച്ചയായ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഹിദി ഈ ചുമതല ഏറ്റെടുത്തത്.
അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും നിരവധി ഇറാനിയൻ നഗരങ്ങൾ നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു, ഈ ആക്രമണങ്ങളിലൂടെയാണ് ഐആർജിസിയുടെ മുൻ മേധാവിയായ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടത്. 2025-ൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേൽ കൊലപ്പെടുത്തിയ മുൻ കമാൻഡറായ ഹൊസൈൻ സലാമിയുടെ പിൻഗാമിയായി പക്പൂർ നിയമിക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് 2020-ൽ ഐആർജിസിയുടെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്റെ ദീർഘകാല കമാൻഡറായിരുന്ന ഖാസിം സുലൈമാനി അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ഇറാന്റെ സൈനിക ചരിത്രത്തിലെ വലിയ വഴിത്തിരിവായിരുന്നു. ഈ തുടർച്ചയായ സംഭവങ്ങൾ ഇറാന്റെ സൈനിക നേതൃത്വത്തിലെ അപകടസാധ്യതകളെ വ്യക്തമാക്കുന്നതാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് വാഹിദി ഐആർജിസിയുടെ പുതിയ മേധാവിയായി ചുമതലയേറ്റത്. ഇറാന്റെ സൈനിക സംവിധാനത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പരിചയസമ്പന്നനായ നേതാവാണ് അദ്ദേഹം. 1970-കളുടെ അവസാനം രൂപം കൊണ്ട ഐആർജിസിയുടെ ആദ്യകാല ഘട്ടങ്ങളിൽ തന്നെ അദ്ദേഹം സജീവമായിരുന്നു. 1980-കളിൽ ഇന്റലിജൻസ് മേഖലയിലും സൈനിക രംഗത്തും പ്രധാന സ്ഥാനങ്ങൾ വഹിച്ചു. 1988 മുതൽ 1997 വരെ ഐആർജിസിയുടെ ഏറ്റവും ശക്തമായ വിഭാഗമായ ഖുദ്സ് ഫോഴ്‌സിനെ അദ്ദേഹം നയിച്ചിരുന്നുവെന്നും പിന്നീട് ആ സ്ഥാനം ഖാസിം സുലൈമാനിക്ക് കൈമാറിയതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൈനിക രംഗത്തോടൊപ്പം രാഷ്ട്രീയ മേഖലയിലും വാഹിദിക്ക് വലിയ പരിചയമുണ്ട്. മുൻ പ്രസിഡന്റായ മഹമൂദ് അഹ്മദിനെജാദ് യുടെ ഭരണകാലത്ത് അദ്ദേഹം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അന്തരിച്ച പ്രസിഡന്റായ ഇബ്രാഹിം റൈസിയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചു. സൈനികവും രാഷ്ട്രീയവുമായ ഈ ഇരട്ടാനുഭവം അദ്ദേഹത്തെ ഇറാനിലെ ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിവുള്ള നേതാക്കളിലൊരാളായി മാറ്റിയതായി നിരീക്ഷകർ വിലയിരുത്തുന്നു.
ഇസ്ലാമിക് വിപ്ലവത്തിന്റെ ആശയങ്ങളോട് ശക്തമായ പ്രതിബദ്ധത പുലർത്തുന്ന നേതാവെന്ന നിലയിലാണ് വാഹിദി അറിയപ്പെടുന്നത്. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ അദ്ദേഹം “പ്രദേശത്തിന്റെയും ലോകത്തിന്റെയും ചരിത്രം തന്നെ മാറ്റിമറിച്ച ഒരു വെളിച്ചത്തിന്റെ പൊട്ടിത്തെറി” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പ്രതിരോധവും വിപ്ലവത്തിന്റെ തത്വങ്ങളും സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പ്രവാസികൾ മടങ്ങേണ്ടി വരുമോ! പശ്ചിമേഷ്യ കത്തുമ്പോൾ ഇന്ത്യക്ക് പൊള്ളുമോ?
എന്നാൽ അദ്ദേഹത്തിന്റെ കരിയറിനൊപ്പം ചില വിവാദങ്ങളും നിലനിൽക്കുന്നു. 1994-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന എഎംഐഎ ജൂത കമ്മ്യൂണിറ്റി സെന്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആ ആക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടും അമേരിക്കയും യൂറോപ്യൻ യൂണിയനും അദ്ദേഹത്തിന് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരമൊരു പശ്ചാത്തലമുള്ള നേതാവാണ് ഇപ്പോൾ ഇറാന്റെ ഏറ്റവും ശക്തമായ സൈനിക സംഘടനയുടെ തലവനായി എത്തുന്നത്. വിദഗ്ധരുടെ വിലയിരുത്തലുപ്രകാരം, ഐആർജിസി ഒരു സാധാരണ സൈനിക സംഘടന മാത്രമല്ല; അത് ഇറാനിലെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുന്ന ശക്തമായ സ്ഥാപനമാണ്. അതിനാൽ അതിന്റെ നേതാവാകുന്നത് രാജ്യത്തിന്റെ ഭാവി സൈനിക തന്ത്രങ്ങൾ നിർണയിക്കുന്നതിൽ നിർണായകമാണ്. ഇറാനിലെ നിരവധി മുതിർന്ന നേതാക്കളും സൈനിക കമാൻഡർമാരും കൊല്ലപ്പെട്ട സാഹചര്യത്തിൽ ഐആർജിസിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സൈന്യത്തെ ഒരുമിച്ച് നിലനിർത്തുകയും ചെയ്യേണ്ട വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ വാഹിദിക്ക് മുന്നിലുള്ളത്. മുൻ ഐആർജിസി മേധാവികൾ സംഘടനയെ വികേന്ദ്രീകൃത രീതിയിൽ രൂപകൽപ്പന ചെയ്തതിനാൽ, വിവിധ യൂണിറ്റുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഘടനയാണ് നിലവിലുള്ളത്. ഈ സംവിധാനത്തെ ഏകോപിപ്പിച്ച് യുദ്ധസമയത്ത് ശക്തമായ പ്രതിരോധം ഉറപ്പാക്കുക എന്നതാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നതുപോലെ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം ഇറാന്റെ സൈനിക സ്ഥാപനത്തിനുള്ള വലിയ പരീക്ഷണമാണ്. ഈ സാഹചര്യത്തിൽ ഐആർജിസിയുടെ പുതിയ നേതാവായ അഹമ്മദ് വാഹിദിയുടെ തീരുമാനങ്ങളും തന്ത്രങ്ങളും പ്രദേശത്തിന്റെ ഭാവി രാഷ്ട്രീയ-സൈനിക സമവാക്യങ്ങളെ നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ഭരണകൂടത്തിന്റെ നിലനിൽപ്പും പ്രതിരോധ ശേഷിയും വലിയ തോതിൽ ഐആർജിസിയുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നതിനാൽ ഈ നേതൃത്വമാറ്റം മേഖലയിലെ യുദ്ധഭൂമിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വീഡിയോ കാണാം
The post ഇറാന്റെ പുതിയ ഇരുമ്പ് മുഷ്ടി; ഐ ആർ ജി സിയുടെ തലവനായി ഇനി അഹമ്മദ് വാഹിദി appeared first on Express Kerala.




