
ഐ.എസ്.എൽ 2025-26 സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണ്ണായക മത്സരത്തിനിറങ്ങുന്നു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30-ന് നടക്കുന്ന പോരാട്ടത്തിൽ ചെന്നൈയിൻ എഫ്.സി ആണ് കൊമ്പന്മാരുടെ എതിരാളികൾ. സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിലനിൽപ്പിന്റെ പോരാട്ടമാണ്.
സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. പിന്നീട് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോടും ഏകപക്ഷീയമായ ഒരു ഗോളിന് ടീം പരാജയപ്പെട്ടു. ഐ.എസ്.എല്ലിലെ പുതുമുഖങ്ങളായ ഇന്റർ കാശിക്കെതിരെയെങ്കിലും ജയിച്ചു കയറാമെന്ന പ്രതീക്ഷയും മൂന്നാം മത്സരത്തിൽ അസ്തമിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ കാശി ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചത്.
ഐ.എസ്.എൽ നേരിടുന്ന പ്രതിസന്ധികളും ടീമിന്റെ മോശം സാമ്പത്തിക നിലയും കാരണം പ്രമുഖ വിദേശ താരങ്ങളെല്ലാം സീസണിന് മുന്നേ തന്നെ ക്ലബ്ബ് വിട്ടുപോയിരുന്നു. ഇത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മികച്ചൊരു ഗെയിം പ്ലാൻ രൂപപ്പെടുത്താൻ ഇതുവരെ സാധിക്കാത്തതാണ് തുടർച്ചയായ തോൽവികൾക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം, എതിരാളികളായ ചെന്നൈയിൻ എഫ്.സിയുടെ അവസ്ഥയും സമാനമാണ്; കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ അവർ തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ഇരു ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്.
The post ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ്! ഇന്ന് ചെന്നൈയിൻ എഫ്‌സിക്കെതിരെ appeared first on Express Kerala.




