
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടതിനെച്ചൊല്ലി സർക്കാരും നഗരസഭയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾക്കിടെ കോർപ്പറേഷനിലെ 10 ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഭരണസൗകര്യാർത്ഥം സ്ഥലം മാറ്റി.
മാലിന്യം നീക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. കോർപ്പറേഷന് മുകളിലാണ് സർക്കാർ എന്നും, ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യും എന്ന് മന്ത്രി വ്യക്തമാക്കി. മാലിന്യനീക്കത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, മന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും നഗരസഭയെ അനാവശ്യമായി പഴിചാരുകയാണെന്നും മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു. സിപിഎം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് നഗരസഭയുടെ നിലപാട്.
നഗരത്തിലെ പ്രധാന റോഡുകൾക്കപ്പുറം ഇടറോഡുകളിലും ക്ഷേത്ര പരിസരത്തും മാലിന്യം കുന്നുകൂടിക്കിടക്കുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തി. നഗരസഭ പരാജയപ്പെട്ടാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേരിട്ടിറങ്ങി നഗരം വൃത്തിയാക്കുമെന്ന് എ.എ. റഹീമും വ്യക്തമാക്കിയിട്ടുണ്ട്.
The post പൊങ്കാല മാലിന്യനീക്കത്തിൽ തർക്കം; തിരുവനന്തപുരം കോർപ്പറേഷനിൽ 10 ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥലംമാറ്റം appeared first on Express Kerala.




