അമേരിക്കയുടെ ആറിലൊന്ന്, ഇസ്രായേലിന്റെ 80 മടങ്ങ്! ഇറാൻ എന്തുകൊണ്ട് ലോകശക്തികളെ വിറപ്പിക്കുന്നു?

അമേരിക്കയുടെ ആറിലൊന്ന്, ഇസ്രായേലിന്റെ 80 മടങ്ങ്! ഇറാൻ എന്തുകൊണ്ട് ലോകശക്തികളെ വിറപ്പിക്കുന്നു?

ശ്ചിമേഷ്യൻ മണ്ണ് ഇന്ന് വെറുമൊരു മണ്ണല്ല, അത് കത്തുന്ന ഒരു അഗ്നിപർവ്വതമാണ്! സാമ്രാജ്യത്വത്തിന്റെ മിസൈൽ മുനകൾ ഇറാന്റെ ചാരമുറങ്ങുന്ന തെരുവുകളെ ലക്ഷ്യം വെക്കുമ്പോൾ, ഒന്നുറപ്പിച്ചു കൊള്ളുക… ഇത് വിനാശത്തിന്റെ അവസാനമല്ല, പ്രതികാരത്തിന്റെ വിശ്വരൂപമാണ്. ലോകം ഇന്നുവരെ കാണാത്ത രക്തരൂഷിതമായ ആ പോരാട്ടത്തിന് പശ്ചിമേഷ്യയുടെ ചക്രവാളം ചുവപ്പ് പരത്തിക്കഴിഞ്ഞു. ഫെബ്രുവരി 28 പുലർന്നത് മുതൽ ഇറാനിലെ ജനവാസ മേഖലകളെയും ഭരണകൂട കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും തൊടുത്തുവിട്ട അഗ്നിപർവ്വതങ്ങളിൽ ഇതുവരെ പൊലിഞ്ഞത് ആയിരത്തിലധികം നിരപരാധികളുടെ ജീവനാണ്. എന്നാൽ, തകർന്നടിഞ്ഞ കോട്ടകൾക്കും നിലവിളികൾക്കും ഇടയിൽ നിന്ന് ഇറാൻ ഉയർത്തെഴുന്നേൽക്കുകയാണ്. ഓരോ ബോംബാക്രമണത്തിനും ഇരട്ടി പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോൺ വ്യൂഹങ്ങളും കൊണ്ട് ഇറാൻ മറുപടി നൽകുമ്പോൾ, സംഘർഷം ഗൾഫ് മേഖലയെ മൊത്തമായി വിഴുങ്ങുന്ന ഒരു മഹാപ്രളയമായി മാറുകയാണ്. ഇസ്രയേലിന്റെ ഹൃദയഭാഗങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ പ്രതികാരബാണങ്ങൾ കുതിച്ചുയരുമ്പോൾ, പശ്ചിമേഷ്യയിൽ ഇനി സംഭവിക്കാൻ പോകുന്നത് ചരിത്രം വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചകളായിരിക്കും.

ഇതിനിടെ അമേരിക്കയ്ക്കുള്ളിൽ പോലും ഈ യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നത ശക്തമായി തുടരുകയാണ്. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം നാലിൽ ഒരാൾ മാത്രമാണ് ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളെ പിന്തുണച്ചത്. ഈ ഒരു സർവേയിൽ ഡോണൾഡ്‌ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അനുയായികളിൽ പിന്തുണ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പിന്തുണക്കാരിൽ ഏകദേശം 55 ശതമാനം പേർ ആക്രമണങ്ങളെ അംഗീകരിച്ചപ്പോൾ 13 ശതമാനം പേർ അതിനെ എതിർത്തു. അതേസമയം 32 ശതമാനം പേർക്ക് വ്യക്തമായ അഭിപ്രായമില്ലായിരുന്നു. മറുവശത്ത് ഡെമോക്രാറ്റിക് പാർട്ടി അനുയായികളിൽ 74 ശതമാനം പേർ ആക്രമണങ്ങളെ ശക്തമായി എതിർത്തതായി സർവേ വ്യക്തമാക്കുന്നു. ഇതിലൂടെ അമേരിക്കൻ രാഷ്ട്രീയ രംഗത്തുതന്നെ ഇറാനുമായി ബന്ധപ്പെട്ട യുദ്ധനയത്തെക്കുറിച്ച് വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്ന് വ്യക്തമാകുന്നു.

ഈ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ എന്ന രാജ്യത്തിന്റെ ഭൗമവിശാലതയും സൈനിക-സാമ്പത്തിക പ്രാധാന്യവും വീണ്ടും ചർച്ചയാകുകയാണ്. ഏകദേശം 1.65 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇറാൻ ലോകത്തിലെ 17-ാമത്തെ വലിയ രാജ്യമാണ്. വിസ്തീർണ്ണത്തിൽ ഇത് അമേരിക്കയുടെ ഏകദേശം ആറിലൊന്നും ഇന്ത്യയുടെ പകുതിയോളം വലിപ്പവുമാണ്. ഇസ്രയേലിനെ അപേക്ഷിച്ച് ഇറാൻ ഏകദേശം 80 മടങ്ങ് വലുതാണ് എന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം ഏഴ് രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്നു. ഇറാഖ്, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അസർബൈജാൻ, തുർക്കി, അർമേനിയ എന്നിവയാണ് അയൽരാജ്യങ്ങൾ. ഇത്രയും വലിയ ഭൗമവിശാലതയും ഭൂപ്രാധാന്യവും ഉള്ളതിനാൽ തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധം പ്രദേശത്തിന്റെ മുഴുവൻ സുരക്ഷാ സമവാക്യത്തെയും ബാധിക്കുന്നതാണ്.

ജനസംഖ്യയുടെ കാര്യത്തിലും ഇറാൻ ഒരു വലിയ രാഷ്ട്രമാണ്. ഏകദേശം 92 ദശലക്ഷം ആളുകളാണ് രാജ്യത്ത് താമസിക്കുന്നത്. അമേരിക്കയിലെ ഏകദേശം 350 ദശലക്ഷം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം നാലിലൊന്ന് വരും. ഇറാനിലെ ഭൂരിഭാഗം ജനങ്ങളും രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് താമസിക്കുന്നത്. പർവതനിരകളും നദീതടങ്ങളും ഫലഭൂയിഷ്ഠമായ താഴ്വരകളും ഉള്ള ഈ പ്രദേശങ്ങൾ ജനവാസത്തിനും കൃഷിക്കും അനുയോജ്യമാണ്.

ഇറാൻ  തലസ്ഥാനമായ ടെഹ്റാനിൽ ഏകദേശം 9.6 ദശലക്ഷം ആളുകൾ താമസിക്കുന്ന വലിയ നഗരമാണ്. സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക കേന്ദ്രമായ ടെഹ്‌റാൻ ഇറാന്റെ ഹൃദയമായി കണക്കാക്കപ്പെടുന്നു. വടക്കുകിഴക്കൻ ഭാഗത്തുള്ള മഷ്ഹദ് രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമാണ്. ഏകദേശം 3.4 ദശലക്ഷം ആളുകൾ ഇവിടെ താമസിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്ലിം തീർത്ഥാടകരെ ആകർഷിക്കുന്ന മാം റെസ ദേവാലയം ഇവിടെ സ്ഥിതി ചെയ്യുന്നു. മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാൻ ചരിത്രപരമായും വ്യവസായപരമായും വലിയ പ്രാധാന്യമുള്ള നഗരമാണ്. ഏകദേശം 2.3 ദശലക്ഷം ആളുകൾ ഇവിടെ താമസിക്കുന്നു. ഒരുകാലത്ത് സഫാവിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം ഇന്ന് വിദ്യാഭ്യാസവും വ്യവസായവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്.

ഇറാന്റെ സാമ്പത്തിക ശക്തിയിലും പ്രകൃതി വിഭവങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ലോകത്തിലെ പ്രധാന എണ്ണ-വാതക സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറാൻ ആഗോള എണ്ണ ഉൽപ്പാദനത്തിൽ ഒമ്പതാം സ്ഥാനത്തും പ്രകൃതിവാതക ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്തുമാണ്. ഏകദേശം 375 ബില്യൺ ഡോളറാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം. തൊഴിലില്ലായ്മ നിരക്ക് ഏകദേശം 9.2 ശതമാനമാണ്. ഈ പ്രകൃതി വിഭവ സമ്പത്തും ഭൗമപ്രാധാന്യവും കാരണം തന്നെ ഇറാൻ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ള രാജ്യമായി തുടരുന്നു.

ഭൗമശാസ്ത്രപരമായി ഇറാനിലെ കാലാവസ്ഥയും വളരെ വൈവിധ്യമാർന്നതാണ്. വടക്കൻ പർവതപ്രദേശങ്ങളിൽ നീണ്ടതും കഠിനവുമായ ശൈത്യകാലം അനുഭവപ്പെടുമ്പോൾ തെക്കൻ പ്രദേശങ്ങളിൽ കടുത്ത വേനൽചൂടാണ്. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിൽ ചിലപ്പോൾ 50 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മധ്യഭാഗം വലിയ മരുഭൂമി പ്രദേശങ്ങളാണ് ഉൾക്കൊള്ളുന്നത്. ഇവിടത്തെ കാലാവസ്ഥ അമേരിക്കയിലെ അരിസോണയിലോ ഉൾനാടൻ കാലിഫോർണിയയിലോ കാണുന്ന വരണ്ട കാലാവസ്ഥയോട് സാമ്യമുള്ളതാണ്.

ഇതൊരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമല്ല, മറിച്ച് ഭൂഗോളത്തിന്റെ തന്നെ ഗതി മാറ്റിവരയ്ക്കുന്ന ഒരു ചതുരംഗക്കളമാണ് ഭൗമശേഷിയും സാമ്പത്തിക കരുത്തും ആവോളമുള്ള ഇറാനെ തൊടുന്നത് തേനീച്ചക്കൂടിന് കല്ലെറിയുന്നതുപോലെയല്ല… അത് ആഗോള ക്രമത്തിന്റെ അസ്തിവാരമിളക്കുന്ന പ്രകമ്പനമാണ്. ഇറാനും ഇസ്രയേലും അമേരിക്കയും നേർക്കുനേർ നിൽക്കുമ്പോൾ, ഇവിടെ പകരുന്നത് പശ്ചിമേഷ്യയിലെ വെറും ചോരയല്ല, മറിച്ച് ലോകത്തിന്റെ തന്നെ സമാധാനത്തിന്റെ അന്ത്യശ്വാസമാണ്. പീരങ്കികൾ ഗർജ്ജിക്കുമ്പോൾ അന്താരാഷ്ട്ര നീതിപീഠങ്ങൾ നിശബ്ദമാകുന്നുണ്ടാകാം, പക്ഷേ ഒന്നോർക്കുക… ഈ തീ പശ്ചിമേഷ്യയിൽ മാത്രം ഒടുങ്ങില്ല. ലോകക്രമത്തിന്റെ സിംഹാസനങ്ങൾ വരെ കത്തിയമരുന്ന ഒരു മഹാവിനാശത്തിന്റെ കരിനിഴലാണ് ഇപ്പോൾ നാം കാണുന്നത്. കണക്കുകൂട്ടലുകൾക്കും തന്ത്രങ്ങൾക്കും ഇനി പ്രസക്തിയില്ല, യുദ്ധത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇറാൻ ഒരുക്കിയ ആ ചക്രവ്യൂഹത്തിൽ ഇസ്രയേലും അമേരിക്കയും കുടുങ്ങാൻ പോവുകയാണ്. ഇപ്പോൾ സമാധാനം ഒരു മരീചികയാണെന്ന് തോന്നാമെങ്കിലും, ഈ വലിയ പോരാട്ടത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുലരി ഉദിക്കുക തന്നെ ചെയ്യും.

See also  പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; കൈമലർത്തി ഏജൻസി, ദുരിതത്തിലായി ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ്

The post അമേരിക്കയുടെ ആറിലൊന്ന്, ഇസ്രായേലിന്റെ 80 മടങ്ങ്! ഇറാൻ എന്തുകൊണ്ട് ലോകശക്തികളെ വിറപ്പിക്കുന്നു? appeared first on Express Kerala.

Spread the love

New Report

Close