
പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടെ അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാകാതിരിക്കാൻ നിർണ്ണായക നീക്കവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഗൾഫ് രാജ്യങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തി. ഇറാന് മറ്റ് രാജ്യങ്ങളെ അധിനിവേശം ചെയ്യാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളെ ആരും നേരിട്ട് ആക്രമിക്കാത്ത പക്ഷം അയൽരാജ്യങ്ങൾക്ക് നേരെ ഇനി മിസൈൽ വിക്ഷേപണങ്ങളോ ആക്രമണങ്ങളോ ഉണ്ടാകില്ലെന്ന് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായാണ് ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഇത് പ്രതിരോധത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും ‘നിരുപാധികം കീഴടങ്ങുക’ എന്ന ആവശ്യം പെഷസ്കിയാൻ ശക്തമായി തള്ളി. “ഞങ്ങൾ കീഴടങ്ങുമെന്ന അവരുടെ സ്വപ്നങ്ങൾ അവർക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാം” എന്ന കടുത്ത പ്രസ്താവനയിലൂടെ തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. അയൽരാജ്യങ്ങൾക്ക് സുരക്ഷാ ഉറപ്പ് നൽകുന്നതോടൊപ്പം തന്നെ ശത്രുരാജ്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന പ്രഖ്യാപനമാണ് ഇറാൻ നടത്തിയിരിക്കുന്നത്.
The post ‘കീഴടങ്ങൽ ശ്മശാനത്തിൽ മതി’! ഇസ്രയേലിന് മുന്നറിയിപ്പും അയൽരാജ്യങ്ങൾക്ക് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് appeared first on Express Kerala.



