
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലായാൽ ആദ്യമാസം തന്നെ കോർപ്പറേഷൻ പൂട്ടിക്കെട്ടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രായോഗികതയില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ കെഎസ്ആർടിസിയെ തകർക്കാനും സ്വകാര്യ ബസുകളെ സഹായിക്കാനും മാത്രമേ ഉപകരിക്കൂ എന്നും മന്ത്രി ആരോപിച്ചു.
നിലവിൽ സർക്കാർ സഹായത്തോടെ കഷ്ടിച്ച് പച്ചപിടിച്ചു വരുന്ന കെഎസ്ആർടിസിക്ക്, സൗജന്യ യാത്ര നടപ്പാക്കിയാൽ പ്രതിമാസം 50 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇത് താങ്ങാൻ കോർപ്പറേഷനാകില്ല. കെഎസ്ആർടിസി തകർന്നാൽ ആയിരക്കണക്കിന് ജീവനക്കാരാണ് വഴിയാധാരമാകുക. ജനങ്ങളുടെ പണം പാഴാക്കാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
Also Read: മമ്മൂട്ടിയുടേത് മഹത്തായ മാതൃക; സൈബർ ആക്രമണങ്ങളെ തള്ളി മന്ത്രി പി രാജീവ്
സമാനമായ പദ്ധതി നടപ്പിലാക്കിയതോടെ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വലിയ പ്രതിസന്ധിയിലായ കാര്യം മന്ത്രി ഓർമ്മിപ്പിച്ചു. യുഡിഎഫിന്റെ പഴയ പ്രകടനപത്രികകളിലെ 90 ശതമാനം കാര്യങ്ങളും നടപ്പായിട്ടില്ലെന്നും ഡൽഹിയിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സാഹചര്യം അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സൗജന്യ യാത്രയ്ക്ക് പകരമായി സ്ത്രീകൾക്കായി പിങ്ക് ബസ് പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇതിന്റെ സേവനം ലഭ്യമാക്കും. യുഎൻഎൻ സഹായത്തോടെയാകും ഇത് നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
The post സൗജന്യയാത്ര നടപ്പാക്കിയാൽ കെഎസ്ആർടിസി പൂട്ടും; യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗണേഷ് കുമാർ appeared first on Express Kerala.




