
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന്റെ വലിയ വേദിയിൽ കിവീസ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. 46 പന്തിൽ 89 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ കരുത്തായത്. അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവർ അർധസെഞ്ചുറികളുമായി സഞ്ജുവിന് മികച്ച പിന്തുണ നൽകി.
പവർപ്ലേയിൽ റൺമല
തുടക്കത്തിൽ അല്പം പതറിയെങ്കിലും അഞ്ചാം പന്തിൽ സിക്‌സറടിച്ച് സഞ്ജു തുടങ്ങിയതോടെ അഹമ്മദാബാദ് ഇളകിമറിഞ്ഞു. മൂന്നാം ഓവർ മുതൽ അഭിഷേക് ശർമയും സഞ്ജുവും ചേർന്ന് താണ്ഡവമാടുകയായിരുന്നു. നാലാം ഓവറിൽ 24 റൺസ് പിറന്നതോടെ ഇന്ത്യയുടെ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 18 പന്തിൽ നിന്ന് ഫിഫ്റ്റി തികച്ച അഭിഷേക് ശർമ എട്ടാം ഓവറിൽ പുറത്തായെങ്കിലും പകരം വന്ന ഇഷാൻ കിഷനും സഞ്ജുവും ചേർന്ന് റണ്ണൊഴുക്ക് നിലയ്ക്കാതെ നോക്കി.
Also Read: 2026 ടി20 ലോകകപ്പ് ഫൈനൽ! ടോസ് നേടി ന്യൂസിലാൻഡ്; അഹമ്മദാബാദിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
സഞ്ജു ഷോയും കിവീസിന്റെ തിരിച്ചടിയും
ക്ലാസ് ഷോട്ടുകളിലൂടെ കളി തുടങ്ങിയ സഞ്ജു 33 പന്തിൽ അർധസെഞ്ച്വറി തികച്ചു. ഇതിനു പിന്നാലെ താരം ഗിയർ മാറ്റി. ലോക്കി ഫെർഗൂസണെയും രചിൻ രവീന്ദ്രയെയും തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു സിക്‌സറുകളുടെ പെരുമഴ തീർത്തു. 15 ഓവറിൽ ഇന്ത്യ 200 റൺസ് പിന്നിടുമ്പോൾ വലിയൊരു സ്കോറിലേക്ക് ടീം നീങ്ങുകയായിരുന്നു. എന്നാൽ 16-ാം ഓവറിൽ ജയിംസ് നീഷാം കിവീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ ഓവറിൽ സഞ്ജു സാംസണും (89), ഇഷാൻ കിഷനും (54), ക്യാപ്റ്റൻ സൂര്യകുമാർ യാദവും (0) പുറത്തായതോടെ ഇന്ത്യ പെട്ടെന്ന് പ്രതിരോധത്തിലായി.
അവസാന ഓവറുകളിൽ റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ 255-ൽ എത്തിച്ചു. അവസാന ഓവറിൽ മാത്രം 24 റൺസാണ് ദുബെ അടിച്ചെടുത്തത്. ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം ഈ കൂറ്റൻ സ്കോർ മറികടക്കുക എന്നത് ഹിമാലയൻ വെല്ലുവിളിയാകും.
The post അഹമ്മദാബാദ് പൂരപ്പറമ്പാക്കി സഞ്ജു! കിവീസിന് 256 റൺസ് വിജയലക്ഷ്യം; കലാശപ്പോരിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ appeared first on Express Kerala.




