
അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ 52,000 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് ദിവസത്തിനുള്ളിലാണ് വിവിധ എയർലൈനുകൾ വഴി ഇത്രയും പേരെ എത്തിച്ചത്. ഇതിൽ 32,107 പേർ ഇന്ത്യൻ വിമാനക്കമ്പനികളിലാണ് യാത്ര ചെയ്തത്. യാത്ര തടസ്സപ്പെട്ട ബാക്കിയുള്ളവർക്കായി വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഹ്രസ്വകാല സന്ദർശനത്തിനായി ഗൾഫ് രാജ്യങ്ങളിലെത്തി മടക്കയാത്ര പ്രതിസന്ധിയിലായ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം മുൻഗണന നൽകുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എംബസികളിലും കോൺസുലേറ്റുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്.
Also Read:പശ്ചിമേഷ്യയിൽ സമാധാനം പുലരട്ടെ; ബോംബുകളുടെ ഗർജ്ജനം നിലയ്ക്കട്ടെ! സംഘർഷം അവസാനിപ്പിക്കണം; മാർപാപ്പ
വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൺട്രോൾ റൂമും ഇതിനായി പ്രവർത്തനം ആരംഭിച്ചു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ എംബസികൾ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സഹായങ്ങൾക്കും സംശയങ്ങൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
The post പശ്ചിമേഷ്യൻ സംഘർഷം! ഗൾഫിൽ കുടുങ്ങിയ 52,000 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലെത്തി; കൂടുതൽ സർവീസുകൾ ഉടൻ appeared first on Express Kerala.




