
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി നാട്ടിക സി.പി.ഐയിൽ പോര്. നിലവിലെ എം.എൽ.എയായ സി സി മുകുന്ദനെ ഒഴിവാക്കി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായത്. നാട്ടികയിലേത് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്നും ഗീതാ ഗോപിയുടെ സാമ്പത്തിക സ്വാധീനമാണ് സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്നും മുകുന്ദൻ ആരോപിച്ചു.
പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്ക് കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. “സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം. എന്നെക്കാൾ കൂടുതൽ സാമ്പത്തികം പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ അവർക്ക് കഴിയും. എനിക്ക് പത്തുരൂപ പോലും വാങ്ങി നൽകാൻ കഴിഞ്ഞിട്ടില്ല, അതൊരു കുറവായി പാർട്ടി കാണുന്നു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും നാട്ടികയിൽ സ്ഥാനാർത്ഥിയായി താൻ മത്സരരംഗത്തുണ്ടാകും,” സി.സി. മുകുന്ദൻ തുറന്നടിച്ചു.
Also Read: അറസ്റ്റിന് ശേഷം ആദ്യമായി രാഹുൽ പാലക്കാട് മണ്ഡലത്തിൽ; വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും
അതേസമയം, മുകുന്ദന്റെ ആരോപണങ്ങളിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ ഗോപിയുടെ പ്രതികരണം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, രണ്ടുതവണ തന്നെ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും കൂടെയുണ്ടാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വരുത്തിയത്. 2011 ലും 2016 ലും നാട്ടികയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഗീതാ ഗോപിയെ വീണ്ടും രംഗത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം.
The post നാട്ടികയിൽ സി.പി.ഐയിൽ ‘സീറ്റ് പോര്’; ഗീതാ ഗോപിക്കെതിരെ ‘പേയ്‌മെന്റ് സീറ്റ്’ ആരോപണവുമായി സി സി മുകുന്ദൻ എം.എൽ.എ appeared first on Express Kerala.




