
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും മാർക്സിയൻ ചിന്തകനുമായ കെ.എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നവതി ആഘോഷിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വൈകീട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു അദ്ദേഹം. ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ദീർഘകാലം സേവനമനുഷ്ഠിച്ചു. നിരവധി വിദേശ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു.
Also Read: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം; പുനരന്വേഷണ ഹർജിയിൽ അന്തിമ തീരുമാനം ഉടൻ
1936-ൽ ഗുരുവായൂർ തൈക്കാട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും പത്താമത്തെ മകനായാണ് ജനനം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബിരുദ പഠനത്തിന് ശേഷം രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.
The post ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു; വിടവാങ്ങിയത് ചരിത്രാഖ്യാനത്തിലെ കരുത്തുറ്റ മാർക്സിയൻ സ്വരം appeared first on Express Kerala.




